Top

'ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ല'; 'സംഘപരിവാറിന് താക്കീതായി' ഡിവൈഎഫ്‌ഐ ജാഗ്രത സദസ്

പ്രകോപനപരമായ മുദ്രാവാക്യവുമായി മത സൗഹാര്‍ദം തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും റഹീം

2 Dec 2021 1:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ല; സംഘപരിവാറിന് താക്കീതായി ഡിവൈഎഫ്‌ഐ ജാഗ്രത സദസ്
X

മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്ന ബിജെപി നേതാക്കളുടെ പ്രകോപന പരാമര്‍ശങ്ങള്‍ക്കെതിരെ തലശേരിയില്‍ ഡിവൈഎഫ്‌ഐയുടെ ജാഗ്രതാ സദസ്. ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ലെന്നും സംഘപരിവാറിന് താക്കീതായി യുവതയുടെ ജാഗ്രതയെന്നാണ് പരിപാടിയെക്കുറിച്ച് ഡിവൈഎഫ്‌ഐ ദേശീയഅധ്യക്ഷന്‍ എഎ റഹീം പറഞ്ഞത്. പ്രകോപനപരമായ മുദ്രാവാക്യവുമായി മത സൗഹാര്‍ദം തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും റഹീം വ്യക്തമാക്കി.

അതേസമയം, മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്ന ബിജെപി പ്രവര്‍ത്തകരുടെ ആഹ്വാനത്തെ ന്യായീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. അത് വലിയ സംഭവമൊന്നുമല്ലെന്നും സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നാണ് സുരേന്ദ്രന്റെ ന്യായീകരണം. ''അതൊന്നും വലിയ സംഭവമല്ല. രണ്ട് ബിജെപി പ്രവര്‍ത്തകരെ പോപ്പുലര്‍ഫ്രണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.'' അതിലുള്ള സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നാണ് സുരേന്ദ്രന്റെ മറുപടി. പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പള്ളികള്‍ തകര്‍ക്കുമെന്ന ആഹ്വാനത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ തലശേരിയില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി.

''അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല...'' എന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.



Next Story

Popular Stories