Top

'എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാര്‍ത്ഥ മതേതരര്‍'; ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ കനയ്യയുടെ വിശദീകരണം

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യകുമാറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം

27 Sep 2022 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാര്‍ത്ഥ മതേതരര്‍; ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ കനയ്യയുടെ വിശദീകരണം
X

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് യുവ നേതാവ് കനയ്യകുമാര്‍. രാജ്യത്തെ എല്ലാ ആരാധാനാലയങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഗുരുവായൂരില്‍ പോയതെന്ന് കനയ്യ വ്യക്തമാക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാര്‍ത്ഥ മതേതരരെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'രാജസ്ഥാനിലെ പ്രശ്‌നം പാര്‍ട്ടി പരിഹരിക്കും. നിലവിലെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതൊന്നും ആശങ്കപ്പെടുത്തുന്നില്ല. ഭാരത് ജോഡോ യാത്ര രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും', കനയ്യകുമാര്‍ പറഞ്ഞു. ജെഎന്‍യു സമരനായകനും സിപിഐ നേതാവുമായിരുന്ന കനയ്യ ഇപ്പോള്‍ കോണ്‍ഗ്രസ് മുഖമാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യകുമാറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രം കനയ്യ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജോഡോ യാത്രയുടെ ഒരോ ദിവസത്തെ പര്യടന ചിത്രങ്ങളും കനയ്യ പങ്കുവെയ്ക്കുന്നുണ്ട്.

മുന്‍ കെപിസിസി സെക്രട്ടറി എ പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി എസ് സൂരജ് എന്നിവര്‍ക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. ജെഎന്‍യു സമരനായകന്‍ എന്ന നിലയിലാണ് കനയ്യ കുമാറിന്റെ പേര് രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബെഗുസരായില്‍ നിന്ന് മത്സരിച്ചിരുന്നു. ഒടുവില്‍ സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

Story highlights: Kanhaiya Kumar's explanation on Guruvayoor temple visit

Next Story