Top

കെ റെയില്‍ എന്തിനെന്ന് അഞ്ച് ജില്ലാ കമ്മിറ്റികള്‍; പുതിയ പദ്ധതിയല്ലെന്ന് കാനം രാജേന്ദ്രന്‍

2 Oct 2022 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയില്‍ എന്തിനെന്ന് അഞ്ച് ജില്ലാ കമ്മിറ്റികള്‍; പുതിയ പദ്ധതിയല്ലെന്ന് കാനം രാജേന്ദ്രന്‍
X

തിരുവനന്തപുരം: സർക്കാരിനെതിരെ സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരത്തിലേറി ഒരു വർഷം മാത്രം പൂർത്തിയായ രണ്ടാം എൽഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം എൽഡിഎഫ് സർക്കാരിനെ വിലയിരുത്തിയത് അഞ്ച് വർഷം കൊണ്ടാണ്. അതുകൊണ്ട് തന്നെ അഞ്ച് വർഷം കാത്തിരിക്കണമെന്നും കാനം പറഞ്ഞു.

കൃഷി വകുപ്പിന് എതിരായി ഉയർന്ന വിമർശനങ്ങളും കാനം തള്ളി. കൃഷി വകുപ്പിന്റേത് മോശം പ്രകടനം അല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ നടപ്പാക്കുന്നത് എന്തിന് വേണ്ടിയാണെന്ന അഞ്ച് ജില്ലാ കമ്മിറ്റികളുടെ ചോദ്യത്തിന് കാനത്തിന്റെ മറുപടി പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിന് ശേഷം പദ്ധതി നടപ്പാക്കും. കെ റെയിൽ പുതിയ പദ്ധതി അല്ലെന്നും കാനം പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തിൽ ഉയർന്നത്. മുന്നണി നേരിടേണ്ടി വരുന്ന സുഖ ദുഃഖങ്ങളെ ഒരുമിച്ച് നേരിടണമെന്ന് കാനത്തിന്റെ പ്രസ്താവനയെയും സമ്മേളനം വിമർശിച്ചു. സിപിഐക്ക് ദുഖം മാത്രമേയുള്ളൂയെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. കാനത്തെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന് പറയാനാകില്ല, അങ്ങിനെ പറയുന്നത് അല്‍പത്തരമാണെന്നും വിമർശനം ഉയർന്നു. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്.

നേതാക്കളുടെ ഭാവി രക്ഷിക്കുന്നതിലല്ല, മറിച്ച് ഫാസിസത്തിനെതിരെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന വിമര്‍ശനവും സമ്മേളനത്തില്‍ ഉയര്‍ന്നു. സിപിഐ കേന്ദ്ര നേതൃത്വം ദുര്‍ബലമെന്ന വിമര്‍ശനം കൊല്ലത്ത് നിന്നുള്ള പ്രതിനിധി ഉന്നയിച്ചു. ബദലല്ല, രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം. ആകര്‍ഷകമായ കേന്ദ്രനേതൃത്വം വേണമെന്ന് മലപ്പുറത്ത് നിന്നുള്ള പ്രതിനിധിയും കുറ്റപ്പെടുത്തി.

സിപിഐ സിപിഐഎമ്മിന്റെ അടിമയാകരുതെന്നും കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസി പ്രതിസന്ധി ചൂണ്ടികാട്ടിയാണ് വിമര്‍ശനം. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫില്‍ നിലപാട് പറയണമെന്നാണ് നിര്‍ദേശം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലും സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. റവന്യൂ വകുപ്പിനെതിരെയാണ് വിമര്‍ശനം. പ്രതിഷേധം കടുത്തപ്പോള്‍ പിന്മാറിയത് നാണക്കേടായെന്നാണ് വിമര്‍ശനം.

എല്‍ഡിഎഫില്‍ സിപിഐഎം വകുപ്പുകള്‍ പിടിച്ചുവാങ്ങുന്നത് പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ആരാണെന്ന് അറിയാന്‍ തങ്ങള്‍ക്കും ആഗ്രഹമുണ്ടെന്ന് മലപ്പുറത്ത് നിന്നുള്ള പ്രതിനിധി പരിഹസിച്ചു. എം ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍കടത്തുകേസില്‍ പ്രതിയായ പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം.

STORY HIGHLIGHTS: Kanam Rajendran's response against criticism in the state conference

Next Story