Top

കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചനെ പുറത്തുവിടാൻ തീരുമാനിച്ചതിന് കാരണമുണ്ടെന്ന് സി ആർ നീലകണ്ഠൻ

കടകംപളളി സുരേന്ദ്രന് 60,000 രൂപയും, പല പ്രവാശ്യങ്ങളിലായി ഭാര്‍ഗവി തങ്കപ്പന് 3,30,000 രൂപയും മണിച്ചന്‍ നല്‍കിയിട്ടുണ്ട്.

13 May 2022 9:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചനെ പുറത്തുവിടാൻ തീരുമാനിച്ചതിന് കാരണമുണ്ടെന്ന് സി ആർ നീലകണ്ഠൻ
X

തിരുവനന്തപുരം: കല്ലുവാതുക്കൽ മ​ദ്യദുരന്തം കേസിലെ മുഖ്യപ്രതി ചന്ദ്രനെന്ന മണിച്ചനെ മോചിപ്പിക്കാൻ ശുപാർശ ചെയ്ത സർക്കാർ തീരുമാനത്തിന് പിന്നില്‍ കാരണങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സിആർ നീലകണ്ഠൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് സിആർ നീലകണ്ഠൻ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ മണിച്ചനില്‍ നിന്ന് അന്നത്തെ ഭരണപക്ഷത്തെ നേതാക്കളില്‍ ചിലര്‍ പണം വാങ്ങി എന്ന വിജിലന്‍സിന്റെ കണ്ടെത്തലില്‍ എന്ത് നടപടിയെടുത്തു എന്ന് ചോദിച്ച് വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച കത്തിന് നൽകിയ മറുപടിയാണ് സിആര്‍ നീലകണ്ഠന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ആസാദി കാ അമൃത് മഹോത്സവ'ത്തിന്‍റെ ഭാഗമായാണ് മണിച്ചനടക്കം വിവിധ കേസുകളിൽ ഉൾപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മണിച്ചന്റേയും മറ്റ് തടവുകാരുടേയും മോചനത്തിനായുളള ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

കുറിപ്പില്‍ പറയുന്നത്,

മണിച്ചന്‍ എന്ന അബ്കാരി കരാറുകാരന്‍ അന്നത്തെ ഭരണപക്ഷ നേതാക്കളായ കടകംപളളി സുരേന്ദ്രന്‍, ഭാര്‍ഗവി തങ്കപ്പന്‍, സത്യനേശന്‍, പേരൂര്‍ക്കട സദാശിവന്‍, ഐഎം ഷാനവാസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, മുളാക്കല്‍ ശ്രീധരന്‍, അജിത് എന്നിവര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.

കടകംപളളി സുരേന്ദ്രന് 60,000 രൂപയും, പല പ്രവാശ്യങ്ങളിലായി ഭാര്‍ഗവി തങ്കപ്പന് 3,30,000 രൂപയും, സത്യനേശന് ആകെ 3,37,000 രൂപയും മണിച്ചന്‍ നല്‍കിയിട്ടുണ്ടെന്ന് രേഖയില്‍ പറയുന്നു.

പേരൂര്‍ക്കട സദാശിവന് 1,00,000 രൂപയും, ഐഎം ഷാനവാസിന് 50,000 രൂപയും, കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്ക് 30,000, മുളാക്കല്‍ ശ്രീധരന് 2000 രൂപയും, അജിത് എന്നയാള്‍ക്ക് 75,000 രൂപയും മണിച്ചന്‍ നല്‍കിയിട്ടുണ്ടെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്‍കം ടാക്‌സ് അധികൃതര്‍ മണിച്ചനില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ ഇവയെല്ലാം വിവരിച്ചതായി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭാർഗവി തങ്കപ്പനേയും കടകംപളളി സുരേന്ദ്രനേയുമാണ് പൊതു പ്രവര്‍ത്തകരായി അവതരിപ്പിച്ചിട്ടുളളതെന്നും സി ആര്‍ നീലകണ്ഠന്‍ പറത്തുവിട്ട രേഖയില്‍ പറയുന്നു.


കല്ലുവാതുക്കൽ മദ്യ ദുരന്തം

2000 ഒക്‌റ്റോബര്‍ 21ന് കല്ലുവാതുക്കല്‍ 19 ആള്‍ക്കാരും പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളിലുമുള്ള 31 പേര്‍ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവെ കരള്‍ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവരും പ്രതികളാണ്. നാല്‍പ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.

വ്യാജ മദ്യം കഴിച്ച് 31 പേരാണ് അന്ന് മരിച്ചത്. ആറുപേര്‍ക്ക് കാഴ്ച നഷ്ടമാവുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. കേസില്‍ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു.

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ മറ്റ് പ്രതികളും മണിച്ചന്റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് നേരത്തെ ശിക്ഷ ഇളവ് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇരുവരെയും വിട്ടയച്ചത്. പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ നിലവില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണുള്ളത്. ജയിലില്‍ മികച്ച കര്‍ഷകനായാണ് മണിച്ചന്‍ അറിയപ്പെടുന്നത്. മണിച്ചന്റെ മോചനമാവശ്യപ്പെട്ട് നേരത്തെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ചില വിവരങ്ങള്‍ കോടതിയില്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞാണ് ശിക്ഷ ഇളവിന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എന്നാല്‍, മൂന്നാഴ്ചയായി ഗവര്‍ണറുടെ മുന്നിലുള്ള ശുപാര്‍ശയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. മദ്യ ദുരന്തക്കേസിലെ പ്രതിയായതിനാല്‍ മണിച്ചന്റെ ജയില്‍ മോചനമെന്ന ആവശ്യത്തെ രാജ്ഭവന്‍ ഗൗരവമായാണ് കാണുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

STORY HIGHLIGHTS: Kalluvathukkal hooch Tragedy CR Neelakanthan Shares the Secret Behind Release Manichan

Next Story

Popular Stories