Top

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കള്ളക്കളി പിടികൂടിയത് താന്‍ ; അനില്‍കുമാറിന്റെ ആരോപണം നിഷേധിച്ച് ആശുപത്രി സൂപ്രണ്ട്

ക്രമക്കേട് വിവാദമായപ്പോള്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നാണ് അനില്‍കുമാറിന്റെ വാദം

5 Feb 2023 6:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കള്ളക്കളി പിടികൂടിയത് താന്‍ ; അനില്‍കുമാറിന്റെ ആരോപണം നിഷേധിച്ച് ആശുപത്രി സൂപ്രണ്ട്
X

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിന്റെ ആരോപണം നിഷേധിച്ച് ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹന്‍. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞിട്ടാണെന്നാണ് അനില്‍കുമാര്‍ ആരോപിക്കുന്നത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. അതേസമയം ആരോപണം നിഷേധിച്ച ഗണേഷ് മോഹന്‍ അനില്‍ കുമാറിന്റെ കള്ളക്കളി പിടികൂടിയത് താനാണെന്നും തന്റെ കാലില്‍ വീണ് അനില്‍കുമാര്‍ മാപ്പ് പറഞ്ഞതിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു.

എന്നാല്‍ ക്രമക്കേട് വിവാദമായപ്പോള്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നാണ് അനില്‍കുമാറിന്റെ വാദം. ഗണേഷ്‌മോഹന്‍ മുമ്പും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. 'മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. ആശുപത്രി ക്യാന്റീന്‍ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങിയിട്ടുണ്ട്. പുതിയ കരാറുകാരനില്‍ നിന്നാണ് പണം വാങ്ങിയത്. താന്‍ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്റെ കള്ളക്കളി വെളിച്ചത്ത് വരണം', അനില്‍കുമാര്‍ പറഞ്ഞു.

അതേസമയം അനില്‍കുമാറിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും തന്നെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണിതെന്നും ഗണേഷ് മോഹന്‍ പ്രതികരിച്ചു. 'അനിലിനെതിരെ സാമ്പത്തിക കുറ്റകൃത്യത്തിനു ഓഡിറ്റ് റിപ്പോര്‍ട്ട് വന്നു സാമ്പത്തിക ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. പുകമറ സൃഷ്ടിച്ചു രക്ഷപ്പെടാനാണ് അനില്‍ ശ്രമിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ട ദമ്പതികളെ അറിയില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണവും ശരിയല്ല. പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരിയായ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ആശുപത്രി കാന്റീന്‍ നടത്തിപ്പിന് കരാര്‍ നല്‍കിയതിലും അഴിമതിയില്ല. എല്ലാം ചട്ടപ്രകാരമാണ് നടന്നത്', ഗണേഷ് മോഹന്‍ പറഞ്ഞു.

കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍കുമാര്‍ തന്നെ സമീപിച്ച് ജനന സര്‍ട്ടിഫിക്കറ്റിലെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടെന്നാണ് പരാതിയുളളത്. തൃപ്പൂണിത്തുറ സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. എന്നാല്‍ ഇങ്ങനെയൊരു പ്രസവം ആശുപത്രിയില്‍ നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.

അതേസമയം കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ പ്രതിയായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഹ!ര്‍ജി എറണാകുളം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Story Highlights: Kalamassery Hospital superintendent denied Anilkumar's allegations

Next Story