വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുഞ്ഞിനെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി
കുഞ്ഞിനെ ദത്തെടുത്തയാളുടെ സഹോദരനാണ് കുഞ്ഞിനെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയത്
6 Feb 2023 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നില്‍ ഹാജരാക്കി. കുട്ടിയുടെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ദത്തെടുത്തയാളുടെ സഹോദരനാണ് കുഞ്ഞിനെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയത്. കുട്ടി ഇനി സിഡബ്ല്യൂസിയുടെ സംരക്ഷണയിലായിരിക്കും.
സര്‍ട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27നാണ് കുട്ടി ജനിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. മാതാപിതാക്കളുടെ പേര് വിവരങ്ങളുള്‍പ്പടെ സിഡബ്ല്യുസി പരിശോധിക്കും. പൊലീസും സിഡബ്ല്യുസിയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെയാണെന്ന് സ്ഥിരീകരണം ഉണ്ട്. ജനിച്ചത് ഓഗസ്റ്റ് 22നാണെന്നാണ് ആശുപത്രി രേഖകള്‍. തൃപ്പൂണിത്തുറ സ്വദേശികളുടെ കയ്യില്‍ കുട്ടി എങ്ങനെ എത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍കുമാര്‍ തന്നെ സമീപിച്ച് ജനന സര്‍ട്ടിഫിക്കറ്റിലെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടെന്നാണ് പരാതിയുള്ളത്.
Story Highlights: Kalamassery Fake Birth Certificate Case Child Produced Before CWC