Top

'വിശ്വാസികളെയും അവിശ്വാസികളെയും തിരിച്ചറിയാന്‍ വിശ്വാസോമീറ്റര്‍ ഉണ്ടോ'; ലീഗിന് ജലീലിന്റെ മറുപടി

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നത്തിനുള്ള സര്‍ക്കാര്‍ ആലോചന സാധ്യത തള്ളികളയാനാകില്ലെന്നും കെ ടി ജലീല്‍ വ്യക്തമാക്കി

14 Nov 2021 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിശ്വാസികളെയും അവിശ്വാസികളെയും തിരിച്ചറിയാന്‍ വിശ്വാസോമീറ്റര്‍ ഉണ്ടോ; ലീഗിന് ജലീലിന്റെ മറുപടി
X

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെയും സമുദായ സംഘടനകളുടെയും ആരോപണങ്ങളെ തള്ളി മന്ത്രി കെ ടി ജലീല്‍. മുസ്ലീങ്ങളില്‍ ജാതി സമ്പ്രദായം ഇല്ലാത്തത് കൊണ്ട് പിഎസ്‌സി വഴി ഒരാളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് ജലീല്‍ പറഞ്ഞു. വിശ്വാസിയേയും അവിശ്വാസിയും തിരിച്ചറിയാനുള്ള അളവുകോല്‍ എന്താണെന്ന് ആരോപണമുന്നയിക്കുന്നവര്‍ അത് വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നത്തിനുള്ള സര്‍ക്കാര്‍ ആലോചന സാധ്യത തള്ളികളയാനാകില്ലെന്നും കെ ടി ജലീല്‍ വ്യക്തമാക്കി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതും ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനും കെ ടി ജലീല്‍ മറുപടി നല്‍കി. എല്‍പി സ്‌ക്കൂളിലെ കുട്ടികളെപ്പോലെ അടുത്ത് ഇരിക്കുന്നവന്റെ കയില്‍ ഉള്ളത് തനിക്കും വേണമെന്ന് വാശിയാണ് ചിലര്‍ക്ക്. വിശ്വാസി ആയ ഒരാള്‍ അവിശ്വാസിയായാല്‍ വഖഫ് ബോര്‍ഡില്‍ നിന്ന് പിരിച്ചുവിടാന്‍ നിലവില്‍ നിയമവുമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയ ജലീല്‍ വിശ്വാസികളെയും അവിശ്വാസികളെയും തിരിച്ചറിയാന്‍ വിശ്വാസോമീറ്റര്‍ ഉണ്ടോ എന്ന ചോദ്യമാണ് നിയമനം പിഎസ്സിക്ക് വിട്ടാല്‍ വഖഫ് ബോര്‍ഡില്‍ അവിശ്വാസികള്‍ കയറി പറ്റുമെന്ന ആരോപണത്തിന് ജലീല്‍ നല്‍കിയ മറുപടി.

വിശ്വാസം അളക്കാന്‍ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതെടുത്ത് അവനവനു നേരെ ഒന്ന് പിടിച്ച നോക്കണമെന്നും ജലീല്‍ പറഞ്ഞു. എന്നാല്‍ ജലീലിന്റെ വിശദീകരണത്തെ തള്ളി മുസ്ലിം ലീഗ് നേതാവ് സാദിഖലി തങ്ങളും രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ ജില്ലാകേന്ദ്രങ്ങളില്‍ എസ്‌വൈഎസ് പ്രത്യക്ഷ സമരം നടത്താനും തീരുമാനം ആയിട്ടുണ്ട്. ഈ മാസം 22ന് കോഴിക്കോട് നടക്കുന്ന മുസ്ലിം സംഘടനകള്‍ യോഗവും നിര്‍ണായകമാകും.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ ഒരാളും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തിലെ എല്ലാ അവാന്തര വിഭാഗങ്ങളിലും പെടുന്ന മിടുക്കരായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ വഖഫ് ബോര്‍ഡില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. ഒരു നേതാവിന്റെയും ശുപാര്‍ശയില്ലാതെയും ആരുടെയും കയ്യും കാലും പിടിക്കാതെയും ഇനിമേലില്‍ വഖഫ് ബോര്‍ഡില്‍ സാധാരണക്കാരായ മുസ്ലിങ്ങള്‍ക്ക് ജോലി കിട്ടാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് എങ്ങിനെയാണാവോ സമുദായ വിരുദ്ധമാവുക? എന്നും ജലീല്‍ ചോദിച്ചിരുന്നു. സഹോദര സമുദായങ്ങളില്‍ പെടുന്നവര്‍ ഒരു സാഹചര്യത്തിലും വഖഫ് ബോര്‍ഡില്‍ ജീവനക്കാരായി വരില്ല. പുതിയ നിയമത്തിന്റെ മൂന്നാം വകുപ്പ് വായിച്ചാല്‍ അത് ബോദ്ധ്യമാകും. ദേവസ്വം ബോര്‍ഡില്‍ ജോലിക്കാരായി ഹൈന്ദവേതരര്‍ക്ക് വരാന്‍ കഴിയാത്ത പോലെത്തന്നെയാണ് വഖഫ് ബോര്‍ഡില്‍ മുസ്ലിമേതരര്‍ക്ക് വരാന്‍ സാധിക്കില്ലെന്നതെന്നും ജലീല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story