Top

'ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍

ഇന്ത്യയുടെ ഐക്യം അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു

24 Jan 2023 5:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നാണ് ആവശ്യം.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 'ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനായി ബോധംപൂര്‍വ്വം ചിലര്‍ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളേണ്ടതുണ്ട്', കെ സുരേന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമാന പ്രഖ്യാപനവുമായി എസ്എഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും കെപിസിസി മൈനോരിറ്റി വിഭാഗവും ഉള്‍പ്പടെ രംഗത്തെത്തി. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിയാണ് വിവാദമായത്.

ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.

Story Highlights: K Surendran's Letter To Chief Minister On BBC Documentary Issue

Next Story