Top

'മോദി പറഞ്ഞ മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്'; പാംപ്ലാനിയുടെ പ്രസ്താവനയില്‍ ബിജെപി

റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തിയാല്‍ ബിജെപിക്ക് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നും അംഗങ്ങളില്ലെന്ന പരാതി മാറ്റിത്തരാമെന്നാണ് അതിരൂപത ബിഷപ്പിന്റെ വാഗ്ദാനം.

19 March 2023 9:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദി പറഞ്ഞ മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; പാംപ്ലാനിയുടെ പ്രസ്താവനയില്‍ ബിജെപി
X

കോഴിക്കോട്: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് ബിജെപി. മാറ്റത്തിന്റെ സൂചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം. ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണ്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തിലേക്കാണ് പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

'ഞങ്ങള്‍ ഇക്കാര്യത്തില്‍ എല്ലാ കര്‍ഷക പ്രതിനിധികളുമായും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അത്താണിയായി ഇനി നരേന്ദ്രമോദി സര്‍ക്കാര്‍ മാത്രമേയുള്ളൂവെന്നതാണ് സത്യം. അതിന്റെ ഭാഗമായി മോദി സര്‍ക്കാരിനെ പിന്തുണക്കുന്ന ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കേരളത്തിലും വരേണ്ടതുണ്ട്. അതിന് എല്ലാവരും പിന്തുണക്കണം. കേരളത്തിലെ മതസാമുദായിക വിഭാഗങ്ങള്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം അസ്വസ്ഥരാകുന്നുണ്ട് എന്നതിന് തെളിവാണ് പിതാവിന്റെ പ്രസ്താവനയോടുള്ള എംവി ഗോവിന്ദന്റെ പ്രതികരണം. കര്‍ഷകര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ അനക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.', കെ സുരേന്ദ്രന്‍ പറഞ്ഞു.

റബ്ബറിന്റെ വില ഉയര്‍ത്തിയാല്‍ കേരളത്തില്‍ ബിജെപിയെ സഹായിക്കാമെന്ന വാഗ്ദാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. ബിജെപിയെ സഹായിക്കാമെന്നല്ല പറഞ്ഞത്. നിലവില്‍ തങ്ങളെ സഹായിക്കുന്ന നയം രൂപീകരിക്കാന്‍ സാധ്യതയുള്ളത് കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ്. അതിനാലാണ് ബിജെപി സര്‍ക്കാര്‍ റബ്ബറിന്റെ വില 300 രൂപയാക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ കേന്ദ്രത്തെ പിന്തുണക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാവുമെന്ന് പറയുന്നത്. കാരണം മലയോര കര്‍ഷകര്‍ ഗതികേടിന്റെ വക്കിലാണെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

'ആരാണോ റബ്ബറിനെ പിന്തുണയ്ക്കുന്നത് അവരെ പിന്തുണയ്ക്കുമെന്നാണ് പറയുന്നത്. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടല്ല പ്രതികരണങ്ങള്‍. കേരളത്തില്‍ 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബ്ബറിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. ആരാണോ റബ്ബറിന്റെ വില കൂട്ടുന്നത് അത് ബിജെപി ആയിക്കോട്ടെ, കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരായിക്കോട്ടെ അവര്‍ക്കൊപ്പം നില്‍ക്കും.' ബിഷപ്പ് വിശദീകരിച്ചു.

ബിജെപിയെ പിന്തുണക്കാന്‍ ഒരു മടിയുമില്ല. മലയോര കര്‍ഷകരുടെ വികാരമാണ് പറഞ്ഞത്. കത്തോലിക്ക സഭയുടെ പിന്തുണ ബിജെപിക്ക് എന്ന തലത്തിലേക്ക് പ്രസ്താവനയെ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തിയാല്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നും അംഗങ്ങളില്ലെന്ന പരാതി മാറ്റിത്തരാമെന്നാണ് അതിരൂപത ബിഷപ്പിന്റെ വാഗ്ദാനം. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

'റബ്ബറിന് വിലയില്ല. ആരാണ് ഉത്തരവാദി. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലായെന്ന സത്യം ഓര്‍ക്കുക. റബ്ബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച്, ആ റബ്ബര്‍ കര്‍ഷകനില്‍ നിന്നും എടുക്കണമെന്നും എടുക്കുക. നിങ്ങള്‍ക്ക് ഒരു എംപിയും ഇല്ലെന്ന് വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം. ഞങ്ങള്‍ക്ക് രാഷ്ട്രീയമല്ല, ഗതികേടിന്റെ മറുകരയില്‍ നില്‍ക്കുകയാണ്.' എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ക്രൈസ്തവ സഭയുടെ പിന്തുണയ്ക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

Story Highlights: K SURENDRAN ABOUT PAMPLANY BISHOP STATEMENT


Next Story