Top

'മന്ത്രിയുടെ ഫാം ഹൗസില്‍ അയ്യായിരത്തിലേറെ അസ്ഥിപഞ്ജരം; ശ്വാസം മുട്ടിച്ച് കുഴിയില്‍ തള്ളി ഉപ്പിട്ട് മൂടും'; 'കഥ' പറഞ്ഞ് സുധാകരന്‍

'നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ...'

15 Jan 2022 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രിയുടെ ഫാം ഹൗസില്‍ അയ്യായിരത്തിലേറെ അസ്ഥിപഞ്ജരം; ശ്വാസം മുട്ടിച്ച് കുഴിയില്‍ തള്ളി ഉപ്പിട്ട് മൂടും; കഥ പറഞ്ഞ് സുധാകരന്‍
X

ധീരജ് കൊലപാതകത്തെ ന്യായീകരിക്കാന്‍ പശ്ചിമ ബംഗാളില്‍ സിപിഐഎമ്മിനെതിരെ ഉയര്‍ന്ന കൊലപാതക ആരോപണങ്ങളെക്കുറിച്ചുള്ള കഥ പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബംഗാളിലെ ഒരു മന്ത്രി താമസിച്ച ഫാം ഹൗസില്‍ നിന്ന് അയ്യായിരത്തിലേറെ ആളുകളുടെ അസ്ഥിപഞ്ജരം കിട്ടിയെന്നാണ് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എതിരാളികളുടെ വാ മൂടി കെട്ടി ശ്വാസം മുട്ടിച്ച് കുഴിയില്‍ തള്ളി ഉപ്പിട്ട് മൂടുന്നതാണ് രീതിയെന്നും സുധാകരന്‍ പറഞ്ഞു. ബംഗാളില്‍ 55,000 രാഷ്ട്രീയ എതിരാളികളെ സിപിഐഎം കൊന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: ''നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ. ബംഗാളില്‍ മാത്രം 55,000 രാഷ്ട്രീയ എതിരാളികളെ സിപിഐഎം കൊന്നു. ഇത് ഞങ്ങള്‍ പറഞ്ഞത് അല്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബുദ്ധദേവ് ഭട്ടാചര്യ നിയമസഭയില്‍ സമ്മതിച്ചതാണ്. അത് ഔദ്യോഗിക കണക്ക് മാത്രമാണ്.''

''ഭരണം മാറിയ ശേഷം ഇടതുപക്ഷത്തിന്റെ ഒരു മന്ത്രി താമസിച്ച ഫാം ഹൗസില്‍ പുതിയ മന്ത്രി വന്നപ്പോള്‍ അവിടെ എന്തോ ഒരു അപാകതയുണ്ടെന്ന് മനസിലാക്കി പരിശോധിച്ചപ്പോള്‍ വലിയൊരു കുഴി കണ്ടു. നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ, ആ കുഴിയില്‍ നിന്ന് അയ്യായിരത്തിലേറെ ആളുകളുടെ അസ്ഥിപഞ്ചരം കിട്ടിയെന്നാണ്. അവിടെയൊരു മുറിയുണ്ടായിരുന്നു. കൊണ്ടു വരിക, വാ മൂടി കെട്ടി ശ്വാസം മുട്ടിച്ച് കുഴിയില്‍ തള്ളും. എന്നിട്ട് ഉപ്പിട്ട് മൂടും. ഉപ്പിട്ടാല്‍ ശരീരം വേഗം ദ്രവിച്ച് പോകും. ഇതൊക്കെ ചരിത്രരേഖകളാണ്. കൊലപാതകങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഹരമാണ്. അതല്ല ഞങ്ങള്‍ മാര്‍ഗമെന്ന് മനസിലാക്കണം.''

അതേസമയം, ധീരജ് കൊലപാതകത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇന്നും സുധാകരന്‍ ആവര്‍ത്തിച്ചു. നിഖില്‍ പൈലി അടക്കമുള്ളവര്‍ നിരപരാധികളാണെന്നും അവര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. കൊലപാതകത്തെ അപലപിക്കണമെങ്കില്‍ കുത്തിയത് നിഖിലാണെന്ന് ബോധ്യം വരണം. നിഖിലാണെന്ന് തെളിഞ്ഞാല്‍ അപലപിക്കാന്‍ തനിക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: ''ധീരജിനെ നിഖില്‍ കുത്തുന്നത് കണ്ടിട്ടില്ല. ആരാണ് കുത്തിയതെന്ന് അവിടെയുള്ളവര്‍ക്ക് അറിയില്ല. ആകസ്മികമായി നടത്തിയ ദുരന്തം കെപിസിസി അധ്യക്ഷന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കേണ്ട. ആരാണ് കുത്തിയതെന്ന് പൊലീസ് കണ്ടെത്തണം. അതിന് മുന്‍പ് നിഖിലാണ് കുത്തിയതെന്ന് വിധി കല്‍പ്പിക്കുന്നത് പാതകമാണ്. അറസ്റ്റിലായ ബാക്കി അഞ്ച് പേരും സംഭവസമയത്ത് സ്ഥലത്ത് ഇല്ലായിരുന്നു. തോന്നിയവരെ പ്രതിയാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ സര്‍ക്കാരിന് കനത്ത വില നല്‍കേണ്ടി വരും.''

''ഞാന്‍ കൊലപാതകത്തെ അപലപിക്കണമെങ്കില്‍ കുത്തിയത് നിഖിലാണെന്ന് ബോധ്യം വരണം. ആരാണ് കുത്തുന്നത് കണ്ടത്. ഇക്കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല. കുത്തിയത് നിഖിലാണെന്ന് തെളിഞ്ഞാല്‍ അപലപിക്കാന്‍ എനിക്ക് അറിയാം. അല്ലാതെ പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച പ്രവര്‍ത്തകനെ തള്ളി പറയാന്‍ കെപിസിസി കസേരയില്‍ ഇരുന്ന് സുധാകരന്‍ മിനകെടില്ല. അവര്‍ നിരപരാധികളാണെന്നാണ് വിശ്വാസം. അവര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും.''

Next Story

Popular Stories