Top

'തരൂരിനെ വിലക്കിയിട്ടില്ല'; കേരളത്തിൽ എവിടെയും തരൂരിന് വേദിയൊരുക്കാൻ കെപിസിസി തയ്യാറെന്ന് സുധാകരൻ

19 Nov 2022 6:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തരൂരിനെ വിലക്കിയിട്ടില്ല; കേരളത്തിൽ എവിടെയും തരൂരിന് വേദിയൊരുക്കാൻ കെപിസിസി തയ്യാറെന്ന് സുധാകരൻ
X

കോഴിക്കോട്: ശശി തരൂരിനെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ വിലക്കിയിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ കോൺഗ്രസ്സിന്റെ സമുന്നത നേതാവാണ്. യൂത്ത് കോൺഗ്രസ് പരിപാടി വിലക്കാൻ കെപിസിസി ശ്രമിക്കില്ലെന്നും തരൂരിന് കേരളത്തിൽ എവിടെയും വേദിയൊരുക്കാൻ കെപിസിസി നേതൃത്വം തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

സംവാദ പരിപാടിയിൽ നിന്നും കെപിസിസി നേതൃത്വം ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സുധാകരൻ പറഞ്ഞു. 'യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല. ശ്രീ. ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്,' സുധാകരൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും" എന്ന സംവാദ പരിപാടിയിൽ നിന്നും കെപിസിസി നേതൃത്വം ഡോ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല. ശ്രീ. ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ്. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം.

അതേസമയം തന്റെ പരിപാടികള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വിലക്കില്ലെന്ന് ശശി തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. സെമിനാറിന് യൂത്ത് കോണ്‍ഗ്രസിന് പകരം മറ്റ് സംഘാടകരുണ്ട്. യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണം. തനിക്ക് ആരെയും ഭയമില്ല. പാര്‍ട്ടിയില്‍ ശത്രുക്കളില്ല. തന്നെ ആരും ഭയക്കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു. മലബാറിലെ പരിപാടികള്‍ക്ക് അനാവശ്യപ്രാധാന്യം നല്‍കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി.

20ന് കേരളത്തിലെത്തുന്ന ശശി തരൂര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. 22ന് തരൂര്‍ പാണക്കാട് തങ്ങളെയും സന്ദര്‍ശിക്കും. സ്വന്തം നാടായ കേരളത്തില്‍ സജീവമാകുന്നതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്നായിരുന്നു ഇക്കാര്യത്തിലുള്ള തരൂരിന്റെ പ്രതികരണം. സുധാകരന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് തരൂരിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

STORY HIGHLIGHTS: K Sudhakaran said that Shashi Tharoor was not banned from the Youth Congress seminar

Next Story