Top

'രാഹുൽ ​ഗാന്ധിയുടെ വരവിന്റെ പ്രതിഛായ തകർക്കാൻ ഇ പിയുടെ നാടകം'; എകെജി സെന്റർ ആക്രമണത്തിൽ കെ സുധാകരൻ

സംഭവം നേരിട്ട് കണ്ടത് പോലെയാണ് ഇപി ജയരാജൻ കോൺ​ഗ്രസിന് മേൽ കുറ്റമാരോപിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു

1 July 2022 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുൽ ​ഗാന്ധിയുടെ വരവിന്റെ പ്രതിഛായ തകർക്കാൻ ഇ പിയുടെ നാടകം; എകെജി സെന്റർ ആക്രമണത്തിൽ കെ സുധാകരൻ
X

കണ്ണൂർ: എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ നാടകമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഹുൽ ​ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി ഇപി ജയരാജൻ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതിൽ സിപിൈഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. സംഭവം നേരിട്ട് കണ്ടത് പോലെയാണ് ഇപി ജയരാജൻ കോൺ​ഗ്രസിന് മേൽ കുറ്റമാരോപിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ എയർപോർട്ടിൽ രാഹുൽ ​ഗാന്ധിയെ സന്ദർശിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതിന് ശേഷം ആദ്യമായി അദ്ദേഹം കേരളത്തിലേക്ക് വരുമ്പോള്‍ അതിന്റെ ഗാംഭീര്യവും പ്രചരണവും തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു അക്രമം ഉണ്ടാവുമെന്നാണ് കരുതുന്നവരാണ് മണ്ടന്‍മാര്‍,' കെ സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസുകാരാണ് ഇത് ചെയ്തതെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഇപി ജയരാജനാണ്. അദ്ദേഹം നേരിട്ട് കണ്ടതു പോലെയാണ് ഉറപ്പിച്ച് പറയുന്നത്,

അദ്ദേഹമാണ് എല്ലാത്തിന്റെയും നായകനും നേതൃത്വവും. എകെജി സെന്ററിന്റെയും തിരക്കഥ അദ്ദേഹത്തിന്റേതാണ്. അത് കോണ്‍ഗ്രസിന്റെ പുറത്ത് കെട്ടിവെക്കാനും രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വരവിന്റെ പ്രതിഛായ തകര്‍ക്കാനും ഇപി ജയരാജന്‍ നടത്തിയ ഒരു നാടകമാണിത്. ഇതിന് പിന്നില്‍ സിപിഐഎം ആണെന്ന് പോലും പറയുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം എകെജി സെന്ററിലേക്ക് നടന്ന ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തിന്റെ അന്വേഷണം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്‌ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Story Highlight: K Sudhakaran blames ep Jayarajan in akg center attack

Next Story