മുഖ്യപ്രഭാഷകനായി തരൂര്‍; കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ നിന്ന് സതീശന് പിന്നാലെ സുധാകരനും പിന്മാറി
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുധാകരന് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
26 Nov 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി കോണ്‍ക്ലേവില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നേരിട്ട് പങ്കെടുക്കില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുധാകരന് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പകരം ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.
പ്രതിപക്ഷ നേതാവ് വിഡി സതീശനും പരിപാടിയില്‍ നിന്ന് പിന്മാറിയിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ എത്താനാവില്ലെന്നാണ് സതീശന് നേരത്തെ സംഘാടകരെ അറിയിച്ചത്. രാവിലെ മറ്റ് പരിപാടികളുണ്ടെന്ന് പറഞ്ഞാണ് സതീശന് ഒഴിഞ്ഞത്. വൈകുന്നേരത്തെ ലീഡേഴ്സ് മീറ്റില്‍ സതീശന് പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.
നാളെ രാവിലെയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോണ്‍ക്ലേവ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്നത്. സംഘടനയുടെ ദേശീയ ചെയര്‍മാനായ ശശി തരൂര്‍ മുഖ്യപ്രഭാഷകനായി എത്തുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മൂന്നുപേരെയും ഒന്നിച്ചാണ് സംഘാടകര്‍ ക്ഷണിച്ചിരുന്നത്. മൂന്നു പേര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയായിരുന്നു പരിപാടിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളും. ഡോ.എസ് എസ് ലാലും മാത്യു കുഴല്നാടന് എംഎല്‍എയുമാണ് പ്രധാന സംഘാടകര്‍.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തരൂരിനെ പരിപാടികളിലൂടെ സജീവമാക്കി നിര്‍ത്തുകയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന പരിപാടിയാണ് പ്രതിപക്ഷ നേതാവിന്റെ ജില്ലയിലേക്ക് മാറ്റി തീരുമാനിച്ചതെന്നും ശ്രദ്ധേയമാണ്.
തരൂര്‍ വിവാദം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്
പാര്‍ട്ടി അച്ചടക്കം ലംഘിക്കാതെ പ്രവര്‍ത്തിക്കണമെന്ന പൊതുനിര്‍ദേശം നേതാക്കള്‍ക്ക് നല്കി ശശി തരൂര്‍ വിവാദം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്. തരൂരിന്റെ മലബാര്‍ പര്യടനത്തെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്നെത്തിയ താരിഖ് അന്‍വര്‍, രാവിലെ കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി ചട്ടക്കൂടിന് പരുക്കേല്‍ക്കാതെ തരൂര്‍ വിവാദം പരിഹരിക്കാനുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടന്നതെന്നാണ് സൂചന. പരിപാടികള്‍ പാര്‍ട്ടി ഘടകങ്ങളെ അറിയിച്ചു വേണം നടത്താനെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതിയും നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.