Top

'പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരന്‍ മാറിയിട്ടില്ല'; പി ടിയുടെ നിഴലാകാന്‍ പോലും പിണറായിക്ക് അര്‍ഹതയില്ലെന്ന് കെ സുധാകരന്‍

'പി ടി തൃക്കാക്കരക്കാര്‍ക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളില്‍ അവര്‍ തന്നെ പറയും'

13 May 2022 2:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരന്‍ മാറിയിട്ടില്ല; പി ടിയുടെ നിഴലാകാന്‍ പോലും പിണറായിക്ക് അര്‍ഹതയില്ലെന്ന് കെ സുധാകരന്‍
X

തൃക്കാക്കര: വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്നാണ് പിണറായി വിജയന്റേത് എന്ന് കണ്ണൂര്‍ എംപി പറഞ്ഞു. പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ അദ്ദേഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ കണ്ണീരും, നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവര്‍ത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ലെന്നും സുധാകരന്‍ പ്രസ്താവന നടത്തി.

'ഇന്നേ വരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാന്‍ കഴിഞ്ഞ നാളുകളിലെ ദൃശ്യമാധ്യമങ്ങള്‍ കണ്ടാല്‍ മാത്രം മതിയാകും. കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കള്‍, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാന്‍ പോലും അര്‍ഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കള്‍ക്ക്, ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നുമില്ല. വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്‌നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തതാണ് യഥാര്‍ത്ഥ 'അബദ്ധം'. പി ടി തൃക്കാക്കരക്കാര്‍ക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളില്‍ അവര്‍ തന്നെ പറയും,' കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ വിവാദമായിരുന്നു. പ്രസംഗത്തിനിടെ മുഖ്യമന്ത്രി. 'പറ്റിയ അബദ്ധം തിരുത്താന്‍ തൃക്കാക്കരയ്ക്ക് സൗഭാഗ്യനിമിഷം. 99, നിറഞ്ഞ 100ലേക്ക് എത്തിക്കാനുള്ള അവസരം' എന്ന് പറയുകയുണ്ടായി. പി ടിയുടെ മരണത്തെ അവസരമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കുന്നതിനിടെ മറുപടിയുമായി സിപിഐഎം രംഗത്തെത്തി. 'ജനങ്ങളുടെ കൈയില്‍ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്' എന്ന് വി ഡി സതീശന്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

STORY HIGHLIGHTS: K Sudhakaran against Pinarayi Vijayan

Next Story

Popular Stories