Top

'എൽദോസിനെതിരെ കെപിസിസി നടപടി വൈകുന്നത് ശരിയല്ല'; വിമർശിച്ച് കെ മുരളീധരൻ

'മുമ്പ് വിന്‍സന്റ് എംഎല്‍എക്കെതിരെ പരാതി വന്നപ്പോള്‍ അദ്ദേഹം അതിനെ ശക്തമായി അഭിമുഖീകരിച്ചിരുന്നു'

21 Oct 2022 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എൽദോസിനെതിരെ കെപിസിസി നടപടി വൈകുന്നത് ശരിയല്ല; വിമർശിച്ച് കെ മുരളീധരൻ
X

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ കെപിസിസിക്കെതിരെ അമർഷം രേഖപ്പെടുത്തി കെ മുരളീധരൻ എംപി. നടപടി വൈകുന്നത് ശരിയല്ല. കേസിൽ ഒളിവിൽ പോകേണ്ട കാര്യമില്ലായിരുന്നുവെന്ന നിലപാടാണ് പാർട്ടിക്കുണ്ടായിരുന്നതെന്നും എംപി വ്യക്തമാക്കി. എംഎല്‍എക്കെതിരായ നടപടി ഉടന്‍ ഉണ്ടാകും. കെപിസിസി പ്രസിഡന്റ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

മുമ്പ് വിന്‍സന്റ് എംഎല്‍എക്കെതിരെ പരാതി വന്നപ്പോള്‍ അദ്ദേഹം അതിനെ ശക്തമായി അഭിമുഖീകരിച്ചിരുന്നു. വിൻസന്റ് നിരപരാധിത്വം തെളിയിക്കുകയും വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ എല്‍ദോസ് കുന്നപ്പിളളിക്കെതിരെ കേസ് വന്നപ്പോള്‍ അദ്ദേഹം ഒളിവില്‍ പോവുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ എന്താണ് കാര്യമെന്ന് പാര്‍ട്ടിക്ക് പോലും അറിയാത്ത അവസ്ഥ ഉണ്ടായെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

കേസിൽ എംഎൽഎക്ക് വ്യാഴാഴ്ച മുൻകൂർ ജാമ്യം നൽകിയിരുന്നു. എംഎൽഎയോട് നാളെ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കര്‍ശന ഉപാധികളോടെ, അഞ്ചുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, സോഷ്യല്‍മീഡിയയിലൂടെ പ്രകോപന പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം.

മുൻകൂർ ജാമ്യം ലഭിച്ചിതിന് പിന്നാലെ എൽദോസ് എംഎൽഎ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എംഎൽഎ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ഇതുവരെ താൻ ആരേയും ഉപദ്രവിച്ചിട്ടില്ല. കോളേജ് പഠനക്കാലത്ത് യൂണിയൻ ഭാരവാഹിയായിരുന്ന തനിക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് മർദ്ദനമേറ്റിട്ടുണ്ട്. അന്ന് തിരിച്ചു തല്ലാനെന്നും താൻ പോയിട്ടില്ലെന്നും എൽദോസ് കുന്നപ്പിളളി പ്രതികരിച്ചു.

STORY HIGHLIGHTS: K Muralidharan Criticized KPCC for delay in taking action against Eldose

Next Story