Top

'ലീഗിലെ ഒരു വിഭാഗത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യം'; പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി

'സിപിഐഎമ്മും മുസ്ലീം ലീഗും സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും'

25 Sep 2022 5:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗിലെ ഒരു വിഭാഗത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യം; പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി
X

കൊച്ചി: മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമുണ്ടെന്ന് കെ എം ഷാജി. ഇതിന് ശ്രമിക്കാത്തതിന്റെ മുഖ്യകാരണം ബിജെപിയാണെന്നും ലീഗ് നേതാവ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐഎമ്മും മുസ്ലീം ലീഗും ഒരുമിച്ചാല്‍ അത് മുഖ്യ പ്രതിപക്ഷ കക്ഷിയായുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായേക്കാം, ഇതാണ് നിലപാടിന് പിന്നിലെ പ്രധാന കാരണമെന്നും കെ എം ഷാജി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ലേഖനത്തില്‍ പറഞ്ഞു.

ഐയുഎംഎല്ലില്‍ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു കെ എം ഷാജിയുടെ മറുപടി. 'പാര്‍ട്ടിയിലെ ഒരു വിഭാഗം സിപിഐഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശരിയാണ്. സിപിഐഎമ്മിനൊപ്പം ചേര്‍ന്നാല്‍ മുസ്ലീം ലീഗിന് രണ്ട് ടേം ഭരണം കിട്ടിയേക്കാം. എന്നാല്‍ സിപിഐഎമ്മും മുസ്ലീം ലീഗും സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. മുഖ്യ പ്രതിപക്ഷ കക്ഷിയായുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത് കാരണവുമായേക്കും. സിപിഐഎമ്മുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന ഞങ്ങളുടെ നിലപാടിന് പിന്നിലെ മുഖ്യ കാരണം ഇതാണ്', ഷാജി പ്രതികരിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തില്‍ പറയുന്നുണ്ട്. 'കേരളത്തിലെ യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയും എതിര്‍ക്കുന്നത്. നിരവധി സാസ്‌കാരിക സംഘടനകള്‍ രൂപീകരിച്ച് അതിലൂടെ യുവാക്കളെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവരുടെ ലക്ഷ്യവും അജണ്ടയും മോശമാണെന്ന് സമുദായത്തിലുള്ളവരെ ബോധ്യപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും ഇതിനെതിരെ സമുദായത്തിനകത്ത് ഞങ്ങള്‍ പോരാടുകയാണ്.

യഥാര്‍ത്ഥ ഇസ്ലാമിന്റെ പേരില്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഖുര്‍ആനിനെക്കുറിച്ചുള്ള അവരുടെ വീക്ഷണം ശരിയല്ല. അവരുടെ മതപരമായ കാഴ്ചപ്പാട് പോലും ശരിയല്ല. പിഎഫ്‌ഐക്കെതിരായ പോരാട്ടം ഞാന്‍ ഉപേക്ഷിച്ചുവെന്നത് തെറ്റിദ്ധാരണ മാത്രമാണ്. പിഎഫ്‌ഐയുമായോ ജമാ അത്തെ ഇസ്ലാമിയുമായോ ഒരു വിട്ടുവീഴ്ചയുമില്ല', കെ എം ഷാജി പറഞ്ഞു.

Story Highlights: K M Shaji Says That A Section in IUML wants to align with CPM

Next Story