Top

വിദ്യാര്‍ഥിനിയെ വലിച്ചിഴച്ചവരില്‍ എസ്എഫ്‌ഐക്കാരുണ്ടെങ്കില്‍ നടപടിയെന്ന് സച്ചിന്‍ദേവ്; 'കൊലപാതകികളെ ന്യായീകരിക്കുന്ന കോണ്‍ഗ്രസിനെ പോലെയല്ല എസ്എഫ്‌ഐ'

മദ്യപിച്ച് ക്യാമ്പസില്‍ എത്തിയ ഒരു കൂട്ടം ആളുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് എസ്എഫ്ഐ.

18 March 2022 12:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ഥിനിയെ വലിച്ചിഴച്ചവരില്‍ എസ്എഫ്‌ഐക്കാരുണ്ടെങ്കില്‍ നടപടിയെന്ന് സച്ചിന്‍ദേവ്; കൊലപാതകികളെ ന്യായീകരിക്കുന്ന കോണ്‍ഗ്രസിനെ പോലെയല്ല എസ്എഫ്‌ഐ
X

തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരെ നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്ന് സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെഎം സച്ചിന്‍ ദേവ്. കെഎസ്‌യു പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്നും അതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

''പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഘത്തില്‍ എസ്എഫ്‌ഐക്കാരുണ്ടെങ്കില്‍ അവര്‍ സംഘടനയില്‍ തുടരില്ല. അവരെ തള്ളി പറയും.'' ഇതാണ് എസ്എഫ്‌ഐയുടെ പ്രത്യേകതയെന്നും അല്ലാതെ കൊലപാതകികളെ ന്യായീകരിക്കുന്ന കോണ്‍ഗ്രസുകാരെ പോലെയുള്ള എസ്എഫ്‌ഐയെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

''കെഎസ്‌യു പ്രവര്‍ത്തക അടക്കമുള്ളവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടായത്. ആ പെണ്‍കുട്ടിയുടെ കൂടെയുള്ളവര്‍ എസ്എഫ്‌ഐക്കാരെ കയ്യേറ്റം ചെയ്തിട്ടുണ്ട്. ഇതെല്ലാം വീഡിയോകളില്‍ വ്യക്തമാണ്. ആക്രമണം മൊബൈലില്‍ പകര്‍ത്തി മറ്റൊരു സംഘടനക്കെതിരെ ഉപയോഗിക്കുന്ന ശൈലി എസ്എഫ്‌ഐക്ക് ഇല്ല.'' കെഎസ്‌യു ഇവ നിമിഷ നേരം കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നെന്നും സച്ചിന്‍ദേവ് പറഞ്ഞു.

''ക്യാമ്പസുകളില്‍ കെഎസ്‌യു ബോധപൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഭൂരിഭാഗം ക്യാമ്പസുകളിലും എസ്എഫ്‌ഐ വിജയം നേടിയതാണ് കെഎസ്.യുവിനെ പ്രകോപിപ്പിച്ചത്. മദ്യപിച്ച് ക്യാമ്പസില്‍ എത്തിയ ഒരു കൂട്ടം ആളുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത്തരക്കാരെ വിദ്യാര്‍ഥികള്‍ എതിര്‍ക്കണം. കേരളത്തില്‍ ഏറ്റവും അധികം പെണ്‍കുട്ടികള്‍ അംഗങ്ങളായ സംഘടനയാണ് എസ്എഫ്‌ഐ. ആക്രമണങ്ങളെ എസ്എഫ്‌ഐ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ധീരജിനെ കൊന്നവരെ ന്യായീകരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. അതല്ല എസ്എഫ്‌ഐയുടെ സമീപനം.'' സംഘര്‍ഷത്തോട് യോജിക്കാന്‍ കഴിയില്ലെന്നും ലോ കോളേജ് സംഘര്‍ഷത്തില്‍ പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് ആവശ്യപ്പെട്ടു.

Next Story