Top

'ഇ പി ജയരാജന്‍ തള്ളിയതാണോ പ്രശ്‌നം?'; കൈയ്യുംകെട്ടി നില്‍ക്കണമായിരുന്നോയെന്ന് കെ കെ ശൈലജ

എംപി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ കയറിയത് ശരിയല്ലെന്ന് പറഞ്ഞത് രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും അവർ പറഞ്ഞു.

28 Jun 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ പി ജയരാജന്‍ തള്ളിയതാണോ പ്രശ്‌നം?; കൈയ്യുംകെട്ടി നില്‍ക്കണമായിരുന്നോയെന്ന് കെ കെ ശൈലജ
X

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യ മന്ത്രിയും, എംഎൽഎയുമായ കെ കെ ശെെലജ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുമ്പോൾ ഇ പി ജയരാജൻ കെെയ്യുംകെട്ടി നിൽക്കണോ എന്നും അവർ ചോദിച്ചു. ഇപി ജയരാജൻ തള്ളിയതാണ് പ്രശ്നം. പിന്നെ എന്ത് ചെയ്യണമെന്നും ചോദിച്ച എംഎൽഎ അതിനെ അപലപിക്കാൻ അരയക്ഷരം നിങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും സംസാരിച്ചോ എന്നും പ്രതിപക്ഷത്തെ വിമർശിച്ചു. എംപി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ കയറിയത് ശരിയല്ലെന്ന് പറഞ്ഞത് രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും അവർ പറഞ്ഞു.

വിമാനത്തിൽ കയറിയിട്ട് മുദ്രാവാക്യം വിളിക്കുന്നത് നമ്മൾ ആദ്യമായിട്ട് കേൾക്കുകയാണ്. അവർ യാദൃശ്ചികമായി വിളിച്ചതല്ലല്ലോ എന്നും കെ കെ ശെെലജ ചോദിച്ചു. രണ്ട് യൂത്ത് കോൺ​ഗ്രസുകാർ വിമാനത്തിൽ കയറിയതായി മുഖ്യമന്ത്രിയോട് ചിലർ പറഞ്ഞുവെന്നും എന്നാൽ അദ്ദേഹം കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞോ എന്നും അവർ ചോദിച്ചു. എംഎൽഎ ഓഫീസും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുമെല്ലാം ആക്രമിച്ച് ശീലമുള്ളവർ നിങ്ങളാണ്. ആ ശീലം ഞങ്ങൾക്കില്ലയെന്നും അവർ പ്രതികരിച്ചു. ആ രാഷ്ട്രീയ മര്യാദയുടെ നാലയലത്ത് വരാൻ ഇവിടത്തെ യുഡിഎഫിന് കഴിയുമോ എന്നും എംഎൽഎ ചോദിച്ചു.

കെ കെ ശെെലജ പറഞ്ഞത്

ഞങ്ങളുടെ രാഷ്ട്രീയ മര്യാദ അവർ അം​ഗീകരിക്കാൻ അനുവദിച്ചില്ല സാർ. ഓഫീസുകൾ കയറാൻ, എംപി ഓഫീസും അതെ. ഓഫീസിൽ കയറുന്നത്. എംഎൽഎ ഓഫീസും, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും എല്ലാം ആക്രമിച്ച് ശീലമുള്ളവർ നിങ്ങളാണ്. ആ ശീലം ഞങ്ങൾക്കില്ല. ആ ശീലം ഞങ്ങൾക്കില്ലാത്തത് കൊണ്ടാണ് അവിടെ എംപി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ കയറിയത് ശരിയല്ലെന്ന് പറഞ്ഞത്. ആ രാഷ്ട്രീയ മര്യാദയുടെ നാലയലത്ത് വരാൻ ഇവിടത്തെ യുഡിഎഫിന് കഴിയുമോ?. നിങ്ങൾക്ക് അതിന് സാധിച്ചിരുന്നുവെങ്കിൽ നമ്മുടെ ബഹുമാന്യനായിട്ടുള്ള മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ രണ്ട് പേരെ അയച്ചല്ലോ. വിമാനത്തിൽ കയറിയിട്ട് മുദ്രാവാക്യം വിളിക്കുന്നത് നമ്മൾ ആദ്യമായിട്ട് കേൾക്കുകയാണ്. യാദൃശ്ചികമായി വിളിച്ചതല്ലല്ലോ. ടിക്കറ്റെടുത്ത് കയറിയതാ. രണ്ട് യൂത്ത് കോൺ​ഗ്രസുകാർ അതിൽ കയറിയതായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചിലർ പറഞ്ഞു. മുഖ്യമന്ത്രി എന്താണ് പറഞ്ഞത്. യൂത്ത് കോൺ​ഗ്രസുകാരെ വിമാനത്തിൽ കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞോ.

ആ കയറിയ യൂത്ത്കോൺ​ഗ്രസുകാർ എന്താണ് ചെയ്തത്. അത് ഒരു എടിആർ ഫ്ലെെറ്റാണ്. ഒരു ചെറിയ ഫ്ലെെറ്റാണ്. അതിന് ഒറ്റ എക്സിറ്റേയുള്ളു. പുറകുവശത്തുള്ള മുഖ്യമന്ത്രിയാണ് ആദ്യം ഇറങ്ങിപ്പോകുക. അതിൽ യാതൊരു തർക്കവുമില്ല. പക്ഷെ എപ്പോഴാണ് ഇറങ്ങുക. പുറകിലുള്ള സീറ്റിലുള്ള ആളുകളെ മുഴുവൻ ഇറക്കിയാൽ മാത്രമെ മുൻവശത്തിരിക്കുന്ന ആളുകൾക്ക് നടന്നു വരാവു. ഇതിന് നിയമമൊക്കെയുണ്ട്. ഞാൻ ആ നിയമമൊന്നും ആർക്കും വിശദീകരിക്കുന്നില്ല. പക്ഷെ അവിടെ ചെയ്തതെന്താ. ഒരൽപ്പമെങ്കിലും രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ ആ വിമാനത്തിൽ നടന്ന് സംഭവത്തെ തള്ളിപറയാൻ യുഡിഎഫ് തയ്യാറാകുമായിരുന്നില്ലേ. പ്രതിപക്ഷ നേതാവ് തള്ളിപറഞ്ഞോ. ഏതെങ്കിലും ഒരു യുഡിഎഫ് നേതാവ് തള്ളിപറഞ്ഞോ. നിങ്ങൾ അതിനെയെല്ലാം തപ്പ് കൊട്ടി അം​ഗീകരിച്ചു. സ്വീകരണം കൊടുത്തു. പൂ മാലയിട്ട് സ്വീകരിച്ചു. എന്തിനാണവർ മുദ്രാവാക്യം വിളിച്ച് അവർ മുന്നിൽ നിന്ന് പിന്നിലേക്ക് ഓടിവന്നത്.

ഇപി ജയരാജൻ തള്ളിയതാണ് പ്രശ്നം. പിന്നെ എന്ത് ചെയ്യണം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുമ്പോൾ ഇപി ജയരാജൻ കെെയ്യുംകെട്ടി നിൽക്കണോ. വിമാനത്തിൽ നിന്ന് ഇങ്ങോട്ടു വരുമ്പോൾ ഇപി ജയരാജൻ അവിടെ ഇരുന്നിട്ടുണ്ട്. തടുത്ത് നിർത്തി. നിങ്ങൾക്ക് ആ ചിത്രം കാണാം. എന്തിനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രോശവുമായിട്ട് ഓടി വന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാനല്ലെങ്കിൽ മുന്നിലെ സീറ്റിലിരുന്ന യാത്രക്കാർ, യുഡിഎഫുകാർ, യൂത്ത് കോൺ​ഗ്രസുകാർ, നേതാക്കന്മാർ എന്തിനാണ് മുഖ്യമന്ത്രിക്ക് നേരെ ഓടി വന്നത്. ഇത്തരത്തിലുള്ള ആക്രമണമെല്ലാം നല്ല ശീലമുണ്ട്. എന്നാൽ ഇത് കേരളത്തിലെ ജനത കാണുകയാണ്. മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കാൻ നിങ്ങൾ ചെല്ലും ചെലവും കൊടുത്ത് വിമാനത്തിൽ കയറ്റി, ആ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെ. അതിനെ അപലപിക്കാൻ ഒരു അരയക്ഷരം നിങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും സംസാരിച്ചോ.

Story Highlights: The problem is that EP Jayarajan rejected it. What to do next; K K Shailaja

Next Story