ഇഡി കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
യുഎപിഎ കേസിൽ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു
29 Sep 2022 6:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള(പിഎംഎൽഎ) ഇഡി കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ലഖ്നൗ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സെപ്തംബർ ഒമ്പതിന് യുഎപിഎ കേസിൽ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പിഎംഎൽഎ കേസിൽ ഇളവ് ലഭിക്കാത്തതിനാൽ അദ്ദേഹം ഇപ്പോൾ ലഖ്നൗ ജയിലിൽ തുടരുകയാണ്.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ച ഉത്തരവിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി സിദ്ദിഖിന് ബന്ധമുണ്ടെന്നാണ് ജാമ്യാപേക്ഷ എതിർത്ത് ഇഡി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, യുഎപിഎ കേസിലും എൻഐഎ ഇതേ വാദം ഉന്നയിച്ചെങ്കിലും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
ഹത്രാസിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യു പി പൊലിസ് മഥുര ടോൾ പ്ലാസയിൽ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. തുടർന്നാണ് ഇഡിയും കേസെടുത്തത്.
സിദ്ദിഖിൻറെ അക്കൗണ്ടിൽ വന്ന 45,000 രൂപയുമായി ബന്ധപ്പെട്ടാണ് ഇഡി കേസെടുത്തത്. കേരളത്തിലെ പിഎഫ്ഐ സെക്രട്ടറി റൗഫ് ഷെരീഫ് ട്രാൻസ്ഫർ ചെയ്ത തുകയാണെന്നാണ് ആരോപണം. എന്നാൽ, ഈ പണം സിദ്ദീഖ് താമസിച്ചിരുന്ന ഡൽഹി ജങ്പുരയിലെ ഫ്ലാറ്റിനടുത്തുള്ള കാഷ് ഡെപ്പോസിറ്റിങ് മെഷീൻ വഴി സിദ്ദീഖ് തന്നെ നിക്ഷേപിച്ചതാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തു, 2018ൽ പൂട്ടിപ്പോയ പിഎഫ്ഐയുടെ പ്രസിദ്ധീകരണമായ മലയാളം ദിനപത്രം തേജസ് ഡെയ്ലിയിൽ കാപ്പൻ പ്രവർത്തിച്ചിരുന്നതിനാൽ ആ സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നതടക്കമുളള തെളിവുകളാണ് ഇഡി നിരത്തിയത്.
STORY HIGHLIGHTS: Journalist Siddique Kappan's bail hearing today
- TAGS:
- Siddique Kappan
- ED
- Bail Plea