Top

തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത് സിപിഐഎമ്മാണെന്ന് രാഹുല്‍; വെറുതെ അല്ല കോണ്‍ഗ്രസ് നന്നാവാത്തതെന്ന് ജോണ്‍ ബ്രിട്ടാസ്

''രാഹുല്‍ ഗാന്ധിയുടെ പടം വച്ചത് കൊണ്ടാണ് സിപിഐഎമ്മിന് എംപിമാരെ കിട്ടിയതെന്ന് വിളിച്ച് പറയണമെങ്കില്‍, രാഹുലിന് മാത്രമേ സാധിക്കൂ.''

10 March 2022 9:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത് സിപിഐഎമ്മാണെന്ന് രാഹുല്‍; വെറുതെ അല്ല കോണ്‍ഗ്രസ് നന്നാവാത്തതെന്ന് ജോണ്‍ ബ്രിട്ടാസ്
X

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും തകര്‍ന്നടിഞ്ഞത് സിപിഐഎമ്മാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എംപി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കുറെ കാലങ്ങളായി നാമമാത്രമായി സാന്നിധ്യമുള്ള പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും തെരഞ്ഞെടുപ്പ് ചിത്രങ്ങളില്‍ പോലും സിപിഐഎമ്മില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലും വന്‍ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ജോണ്‍ ബ്രിട്ടാസ് മനോരമ ന്യൂസ് ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പില്‍ തങ്ങളേക്കാള്‍ ദയനീയമായി പരാജയപ്പെട്ട സിപിഐഎമ്മാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്ന രാഹുലിന്റെ പരാമര്‍ശത്തിനാണ് ജോണ്‍ ബ്രിട്ടാസിന്റെ മറുപടി.

ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്: ''എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുണ്ട്. എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം. ഈ അഞ്ച് സംസ്ഥാനങ്ങളിലെയും ഏറ്റവും വലിയ പാര്‍ട്ടി സിപിഐഎമ്മാണെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നുയെന്നതാണ്. മണിപ്പൂരിലും ഗോവയിലും പഞ്ചാബിലും യുപിയിലുമൊക്കെ ഏറ്റവും വലിയ രാഷ്ടീയ പാര്‍ട്ടി സിപിഐഎമ്മാണെന്നാണ് മൂപ്പര്‍ പറയുന്നത്. ഞങ്ങള്‍ കുറെ കാലങ്ങളായി ഈ സംസ്ഥാനങ്ങളില്‍ നാമമാത്രമായി സാന്നിധ്യമുള്ള പാര്‍ട്ടിയാണ്. എംഎല്‍എമാര്‍ ഇല്ല.''

''ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വലിയൊരു പതനം സംഭവിച്ചിട്ട് ജോണ്‍ ബ്രിട്ടാസ് ഇങ്ങനെ പറയാന്‍ പാടുണ്ടോയെന്നാണ് രാഹുല്‍ ചോദിക്കുന്നത്. വെറുതെ അല്ല കോണ്‍ഗ്രസ് നന്നാവത്തത്. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളിലെയും ജനവിധിയെക്കുറിച്ചാണ്. ഇതില്‍ നാല് സംസ്ഥാനങ്ങളിലും വന്‍ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ച് തിരിച്ച് വരവിന് ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഐഎം അവിടെയൊന്നും ചിത്രത്തില്‍ പോലുമില്ല.''

രാഹുല്‍ ഗാന്ധിയുടെ പടം വച്ചത് കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് സിപിഐഎം എംപിമാര്‍ വിജയിച്ചതെന്ന രാഹുലിന്റെ പരാമര്‍ശത്തിന് ബ്രിട്ടാസ് നല്‍കിയ മറുപടി ഇങ്ങനെ: ''തമിഴ്‌നാട് എന്താ കോണ്‍ഗ്രസിന്റെ തട്ടകമാണോ. നിങ്ങള്‍ ഡിഎംകെയുടെ ചെറിയ സഖ്യകക്ഷി, ഞങ്ങളും ഡിഎംകെയുടെ ചെറിയ സഖ്യകക്ഷി. കോണ്‍ഗ്രസിന്റെ ചിലവില്‍ അല്ല സിപിഐഎം തമിഴ്‌നാട്ടില്‍ നിന്ന് എംപിമാരെ വിജയിപ്പിച്ചത്. എല്ലാവരും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ പടം വച്ചത് കൊണ്ടാണ് സിപിഐഎമ്മിന് എംപിമാരെ കിട്ടിയതെന്ന് വിളിച്ച് പറയണമെങ്കില്‍, അത് രാഹുലിന് മാത്രമേ സാധിക്കൂ.''

കേരളത്തില്‍ ബിജെപിയെ വളരാന്‍ അനുവദിക്കാത്തത് സിപിഐഎം സ്വീകരിക്കുന്ന നയസമീപനങ്ങളാണെന്നും അതു പോലെയുള്ള നയസമീപനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Next Story