Top

'എല്ലാത്തിനും ഡോക്ടർമാരെ ചീത്തവിളിച്ചിട്ട് കാര്യമില്ല, പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കും'; ജിനേഷ് പിഎസ്

8 Aug 2022 8:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാത്തിനും ഡോക്ടർമാരെ ചീത്തവിളിച്ചിട്ട് കാര്യമില്ല, പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കും; ജിനേഷ് പിഎസ്
X

കോട്ടയം: തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യമന്ത്രിയുടെ പരസ്യവിചാരണയ്ക്കെതിരെ വിമർശനവുമായി ഇൻഫോ ക്ലിനിക് സഹ സ്ഥാപകൻ ജിനേഷ് പി എസ് രംഗത്ത്. പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കാം. പക്ഷേ ശാശ്വതമായ പ്രശ്ന പരിഹാരമാവില്ലെന്ന് ജിനേഷ് വിമർശിച്ചു. ഫോസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ട് എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ആഴ്ചകളായി. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തുക്കൾ പറഞ്ഞു ഈ വിവരം അറിയുകയും ചെയ്യാം. അത് പരിഹരിക്കാതെ ഇതിനൊക്കെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോയെന്നും ജിനേഷ് ചോദിച്ചു. നിരവധി പേർ മരുന്ന് ഇല്ലാത്തതിനെ കുറിച്ച് മന്ത്രിയോട് പരാതി പറയുന്നുണ്ട്. മരുന്നുകൾ കാരുണ്യ ഫാർമസിയിൽ നിന്നും ആശുപത്രി വാങ്ങി നൽകണമെന്നാണ് മന്ത്രി സൂപ്രണ്ടിനോട് പറയുന്നത്. കാരുണ്യ ഫാർമസിയിൽ പല മരുന്നുകളും ഇല്ല എന്നും സപ്ലൈ ഔട്ടാണ് എന്നും സൂപ്രണ്ട് വിശദീകരിക്കുന്നുണ്ട്. അതൊന്നും മന്ത്രി ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

"എച്ച് എം സി ഫണ്ടിൽ നിന്ന് വാങ്ങിക്കൊടുക്കാനായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് പ്രായോഗികമാണോ? ആശുപത്രിയിൽ വരുന്ന രോഗികൾക്ക് എല്ലാം എച്ച്എംസി ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി നൽകേണ്ട അവസ്ഥ വന്നാൽ മറ്റ് അത്യാവശ്യങ്ങൾ വരുമ്പോൾ പ്രയാസമാവില്ലേ?. ഒരു വിഷയം പരിഹരിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം അങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് അംഗീകരിക്കുകയാണ്. പ്രശ്നമുണ്ട് എന്ന് അംഗീകരിച്ചാൽ പോംവഴികൾ തിരക്കാൻ സാധിക്കും. അതേസമയം മരുന്ന് ക്ഷാമം ഇല്ല എന്നാണ് മന്ത്രി കരുതുന്നതെങ്കിൽ ആ പ്രശ്നം പരിഹരിക്കപ്പെടില്ല. ഓരോ വിഷയവും കൃത്യമായി എസ്കലേറ്റ് ചെയ്ത് പരിഹാരം കാണുകയാണ് അഭികാമ്യം." ജിനേഷ് പറഞ്ഞു.

മരുന്ന് ഇല്ലാതെ വന്നാൽ ഡോക്ടർമാർ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് വാങ്ങുക. ചിലപ്പോൾ സിസ്റ്റം തകരാറിലാകുമായിരിക്കാം. പക്ഷേ, തെറിവിളി കേൾക്കാതിരിക്കാൻ അത് സഹായിക്കും. പരസ്യവിചാരണങ്ങൾക്ക് കൈയ്യടിക്കുന്ന ജനങ്ങൾ ഉള്ള നാട്ടിൽ അതാണ് സേഫെന്നും ജിനേഷ് പരിഹസിച്ചു.

STORY HIGHLIGHTS: Jinesh PS against the health minister

Next Story