Top

'ജിഫ്രി തങ്ങള്‍ക്കെതിരെയുളള വധഭീഷണി ഗൗരവമുള്ളത്'; നടപടിയുണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

എന്നാല്‍ മന്ത്രി നേരിട്ടു വരേണ്ടതില്ലെന്നും വധഭീഷണിയില്‍ പരാതിയില്ലെന്നും ജിഫ്രി തങ്ങള്‍ മന്ത്രിയെ അറിയിച്ചു.

28 Dec 2021 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജിഫ്രി തങ്ങള്‍ക്കെതിരെയുളള വധഭീഷണി ഗൗരവമുള്ളത്; നടപടിയുണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍
X

ജിഫ്രി തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി ഗൗരവത്തിലെടുക്കുന്നുവെന്ന് വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍. സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ മന്ത്രി നേരിട്ടു വരേണ്ടതില്ലെന്നും വധഭീഷണിയില്‍ പരാതിയില്ലെന്നും ജിഫ്രി തങ്ങള്‍ മന്ത്രിയെ അറിയിച്ചു. കുറേ മുമ്പ് വന്ന ഫോണ്‍കോളാണ്, അത് താന്‍ കാര്യമാക്കുന്നില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അതേസമയം, ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും തങ്ങള്‍ മന്ത്രി വി അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടു.

തനിക്കു നേരെ വധഭീഷണി അടക്കം ഉയര്‍ത്തി നിരവധി ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്‌ലിയാരുടെയും മറ്റു പലരുടെയും അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നു എന്നായിരുന്നു ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തല്‍. അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്‌ള് കോളജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നുഅദ്ദേഹം.

വഖഫ് വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിയെ തള്ളി പരസ്യ നിലപാട് എടുത്ത സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം വിമര്‍ശനം തുടരുന്നതിനിടെയാണ് ഭീഷണികളെ കുറിച്ച് ജിഫ്രി തങ്ങള്‍ വെളിപ്പെടുത്തുന്നത്. നേരത്തെ ചിലര്‍ തന്നെ യൂദാസെന്ന് വിളിക്കുന്നുണ്ടെന്ന് യുഎഇയില്‍ വെച്ച് നടന്ന പൊതുപരിപാടിയിലും വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് തങ്ങള്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പലരും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

Next Story