Top

'ലയനത്തിന് ഇനി മുന്‍കൈ എടുക്കേണ്ട'; ജെഡിഎസ് നേതൃയോഗത്തില്‍ തീരുമാനം

ജില്ലാ സെക്രട്ടറിമാരുടെയും സംസ്ഥാനഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്

13 July 2022 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലയനത്തിന് ഇനി മുന്‍കൈ എടുക്കേണ്ട; ജെഡിഎസ് നേതൃയോഗത്തില്‍ തീരുമാനം
X

തിരുവനന്തപുരം: ലോക്താന്ത്രിക് ജനതാദളുമായുള്ള ലയനത്തിന് ഇനി മുന്‍കൈ എടുക്കേണ്ടതില്ലെന്ന് ജനതാദള്‍(എസ്) നേതൃയോഗത്തില്‍ തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ സെക്രട്ടറിമാരുടെയും സംസ്ഥാനഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.

എന്‍എഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍ ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെയാണ് എല്‍ജെഡി- ജെഡിഎസ് ലയനം അനിശ്ചിതത്വത്തിലായത്. ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുമെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പ്രഖ്യാപിച്ചതോടെ തീരുമാനത്തില്‍ നിന്ന് എല്‍ജെഡി നേതാക്കള്‍ പിന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ജെഡിഎസ് കേരള നേതൃത്വം സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണക്കുമെന്ന തീരുമാനത്തിലെത്തിയതോടെ ലയന ചര്‍ച്ച തുടരാന്‍ ഇരുവിഭാവങ്ങളിലെയും നേതാക്കള്‍ ധാരണയിലെത്തിയിരുന്നു.

മൂന്നുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു സംസ്ഥാന ഘടകങ്ങള്‍ ലയന തീരുമാനം അന്തിമമാക്കിയത്. തീരുമാനം ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയെ അറിയിക്കാന്‍ ഇരുകക്ഷികളുടെയും നേതാക്കള്‍ ബംഗളൂരുവിലേക്ക് പോകാനും തീരുമാനമായിരുന്നു. ബംഗളൂരു യാത്രയില്‍ നിന്ന് പിന്മാറിയത് കൂടാതെ എല്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് നടത്തിയ പ്രസ്താവന ശരിയായില്ലെന്ന അഭിപ്രായവും ജെഡിഎസ് നേതാക്കള്‍ യോഗത്തില്‍ പ്രകടിപ്പിച്ചു.

ലയനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും പൂര്‍ണധാരണയിലെത്തിയിരുന്നതാണ്. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള സ്ഥാനങ്ങളിലും തീരുമാനമായിരുന്നു. ആഗസ്റ്റ് പകുതിയോടെ കോഴിക്കോട് വെച്ച് റാലിക്കൊപ്പം ലയന സമ്മേളനം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ജെഡി(എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരാനും, എം വി ശ്രേയാംസ്‌കുമാറിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനും ധാരണയായിരുന്നു. ഇതിന് മുന്നോടിയായി കോഴിക്കോട് ജൂലൈ 14ന് ഇരുസംഘടനകളുടെയും സംയുക്ത സംസ്ഥാന കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചിരുന്നു.

Story Highlights: JDS Leadership's Decision About Joining With LJD

Next Story