'ബിബിസി ഡോക്യുമെന്ററി വല്ലാതെ പൊള്ളുന്നുണ്ടെങ്കില്‍ 'കോണ്‍ഗ്രസ്' എന്ന ടാഗ് ലൈന്‍ ഉപേക്ഷിക്കണം'; ജവഹര്‍ ബാല്‍ മഞ്ച് ദേശീയ നേതാവ്
ഇന്ത്യയിലുള്ളവര്‍ ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്വഴക്കമാണെന്ന് അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു.
24 Jan 2023 12:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ബിജെപി വാദങ്ങള്‍ ഏറ്റെടുത്ത കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ ജവഹര്‍ ബാല്‍ മഞ്ച് ദേശീയ നേതാവ് അഡ്വ മുഹമ്മദ് ദിശാല്‍. ഇന്ത്യയിലുള്ളവര്‍ ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്വഴക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് കൂടിയായ അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു. ഈ അഭിപ്രായത്തിനെതിരായാണ് ദിശാല്‍ രംഗത്തെത്തിയത്.
'സെപ്റ്റംബര്‍ 7 ന് ഒരു മനുഷ്യന് കന്യാകുമാരിയില്‍ നിന്ന് കാല്‍നടയായി കാശ്മീരിലേക്ക് നടന്ന് നീങ്ങിയത് പോലും അറിയാത്ത സോഷ്യല്‍ മീഡിയ ചീഫിന് ബി.ബി. സി ഡോക്യുമെന്ററി വല്ലാതെ പൊള്ളുന്നുണ്ടെങ്കില്‍ 'കോണ്‍ഗ്രസ് ' എന്ന ടാഗ് ലൈന്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് എടുത്ത് കളയണം. സ്വന്തം അപ്പനെ പറയിപ്പിക്കരുത്, അയാളോടെങ്കിലും നീതി പുലര്‍ത്തുക', എന്നാണ് ദിശാലിന്റെ പ്രതികരണം.
'ബിജെപിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസി പോലെ മുന്‍വിധികളുടെ നീണ്ട ചരിത്രമുള്ള ബ്രിട്ടണ് സ്പോണ്സര് ചെയ്യുന്ന ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം കല്പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് ഞാന്‍ കരുതുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തും', അനില്‍ ആന്റണി ട്വീറ്റില്‍ പറയുന്നു.
അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് തുടരുകയാണ്. ഡിവൈഎഫ്ഐയുടെയും എസ്എഫിഐയുടെയും നേതൃത്വത്തിലാണ് പ്രദര്‍ശനം. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.