'സത്യന്റെ അമ്മയുടെ ശാപം കോണ്‍ഗ്രസ് നേതൃത്വത്തെ എക്കാലവും വേട്ടയാടും'; വീണ്ടും റിജില്‍ മാക്കുറ്റിക്കെതിരെ ജയ്ന്‍ രാജ്
'മകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിന്റെ പൈസ പോലും ആ അമ്മയെ കൊണ്ട് കൊടുപ്പിച്ച നിങ്ങളെ എന്ത് പേരിട്ട് വിളിക്കണം?'
10 Nov 2022 8:09 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി ജയരാജന്റെ മകന് ജയ്ന്‍ രാജ്. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ കാഞ്ഞിലേരിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ദേശീയ കായികതാരവുമായിരുന്ന അത്ലറ്റ് സത്യന്റെ അമ്മയുടെ വീഡിയോ പങ്കുവെച്ചായിരുന്നു ജയ്നിന്റെ വിമര്‍ശനം.
'സത്യന്റെ അമ്മയുടെ ശാപം കെ.സുധാകരനെയും കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെയും എക്കാലവും വേട്ടയാടും. മകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിന്റെ പൈസ പോലും ആ അമ്മയെ കൊണ്ട് കൊടുപ്പിച്ച നിങ്ങളെ എന്ത് പേരിട്ട് വിളിക്കണം?. സത്യന്റെ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രയത്നിച്ചതും സിപിഐഎം പ്രവര്‍ത്തകര്‍ ആയിരുന്നു', ജയ്ന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെ തോല്‍പ്പിക്കാന്‍ പിജെ ആര്‍മിയുടെ പേരില്‍ ലഘുലേഖ ഇറക്കിയെന്ന ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിടാന്‍ റിജില്‍ മാക്കുറ്റിയെ ജെയ്ന്‍ രാജ് വെല്ലുവിളിച്ചിരുന്നു. കെ സുധാകരന് ധര്‍മ്മടത്ത് മത്സരിച്ചാല്‍ വോട്ട് മറിച്ച് തരാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടെന്ന പരാമര്‍ശത്തിലും തെളിവ് പുറത്തുവിടാന്‍ ജെയ്ന്‍ റിജിലിനോട് ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഈ അമ്മയെ അറിയോ മണ്ണന്‍ മാക്കുറ്റിക്ക്? ഇത് ആര് എസ് എസ് കാര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് കാഞ്ഞിലേരിയിലെ സത്യന്റെ അമ്മ.. ആര് എസ് എസുകാര്‍ കൊലപ്പെടുത്തിയ കാഞ്ഞിലേരിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ദേശീയ കായികതാരവുമായിരുന്ന അത്ലറ്റ് സത്യന്റെ അമ്മയുടെ ശാപം കെ.സുധാകരനെയും കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെയും എക്കാലവും വേട്ടയാടും.
മകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിന്റെ പൈസ പോലും ആ അമ്മയെ കൊണ്ട് കൊടുപ്പിച്ച നിങ്ങളെ എന്ത് പേരിട്ട് വിളിക്കണം?? സത്യന്റെ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രയത്നിച്ചതും സി പി ഐ എം പ്രവര്‍ത്തകര്‍ ആയിരുന്നു..ആര് എസ് എസിന്റെ ഭീഷണി കാരണം കോടതിയില്‍ സാക്ഷി പറയാന്‍ തയ്യാറല്ലാതിരുന്ന സാക്ഷികളെ കണ്ട്
നിങ്ങള്‍ കണ്ട കാര്യം മാത്രം കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നും നിങ്ങളുടെ സംരക്ഷണം സി പി ഐ എം ഉറപ്പ് വരുത്തുമെന്നും പറഞ്ഞ് സാക്ഷികളെ കോടതിയില്‍ എത്തിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ മുന്‍കൈ എടുത്തതും സി പി ഐ എം ആയിരുന്നു.. സത്യന്റെ അമ്മയുടെ വാക്കുകള്‍ കേള്‍ക്കുക.
Story highlights: Jain Raj criticized Rijil Makkutty