Top

ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി നിയമസഭ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ്; പിണക്കമുണ്ടായാലും ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ആരെയും വില കുറച്ച് കാണരുതെന്നും കണ്ടാല്‍ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകുമെന്നും സതീശന്റെ പരാമര്‍ശത്തെ തള്ളി മുരളീധരന്‍ പറഞ്ഞു.

23 Nov 2022 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി നിയമസഭ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ്; പിണക്കമുണ്ടായാലും ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
X

തിരുവനന്തപുരം: കൊടപ്പനക്കല്‍ തറവാട്ടിലേക്കുള്ള ശശി തരൂര്‍ എംപിയുടെ വരവ് യുഡിഎഫില്‍ പുതിയ സമവാക്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ശശി തരൂരിനെ മുന്‍നിര്‍ത്തി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വിവരം. നിയമസഭ തെരഞ്ഞെടുപ്പിന് വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും യുഡിഎഫില്‍ പുതിയൊരു ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് ലീഗ് നീക്കം.

കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും തരൂരിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവിനെ ലീഗിലെ ഉന്നത നേതാക്കളെല്ലാം സ്വാഗം ചെയ്യുന്നുണ്ടെന്നാണ് വിവരം. താഴെ തട്ടിലെ വികാരം മനസ്സിലാക്കി തരൂരിനെ കോണ്‍ഗ്രസ് നേതാവായി കണക്കാക്കണമെന്നാണ് അവരുടെ വാദം. അത്തരം ഒരു നിലപാടിലേക്ക് പോയില്ലെങ്കില്‍ ലീഗ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അവര്‍ പറയുന്നു.

'ലീഗ് മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാറില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ യുഡിഎഫില്‍ പറയും. പക്ഷെ കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന ശശി തരൂരിന്റെ കഴിവുകള്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നാണ്. അത് യുഡിഎഫിന് നല്ല ഗുണം ചെയ്യുമെന്ന'ടക്കമുള്ള അഭിപ്രായം മുതിര്‍ന്ന നേതാക്കളടക്കം പങ്കുവെക്കുന്നു.

അതേ സമയം ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും ആ എതിര്‍പ്പ് തുറന്നു പറഞ്ഞിട്ടില്ല. അത്തരമൊരു സമീപനം തിരിച്ചും ലീഗില്‍ നിന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

തരൂരിനെ പിന്തുണച്ച് കെ മുരളീധരന്‍ വീണ്ടും രംഗത്തെത്തി. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും തരൂരിന്റെ സന്ദര്‍ശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കല്‍ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിര്‍ത്ത് എതിരാളികള്‍ക്ക് ആയുധം കൊടുക്കരുത്. ആരെയും വില കുറച്ച് കാണരുതെന്നും കണ്ടാല്‍ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകുമെന്നും സതീശന്റെ പരാമര്‍ശത്തെ തള്ളി മുരളീധരന്‍ പറഞ്ഞു.

Story Highlights: IUML leadership is keen on projecting Tharoor in the coming assembly elections

Next Story