Top

'ജഗതിച്ചേട്ടന്‍ വയ്യാതിരിക്കുകയാണ്'; ആരും ഓര്‍ക്കാത്ത വിഷയം വലിച്ചിഴച്ചത് ശരിയായില്ലെന്ന് ഗണേഷ് കുമാര്‍

'ആ സംഭവങ്ങളൊക്കെ നടക്കുന്ന കാലത്ത് ഇടവേള ബാബു 'അമ്മ'യുടെ കമ്മിറ്റിയിലൊന്നും ഇല്ല. ആ കഥ ഒരു പൊങ്ങച്ചത്തിന് പറയുന്നതാണ്'

29 Jun 2022 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഗതിച്ചേട്ടന്‍ വയ്യാതിരിക്കുകയാണ്; ആരും ഓര്‍ക്കാത്ത വിഷയം വലിച്ചിഴച്ചത് ശരിയായില്ലെന്ന് ഗണേഷ് കുമാര്‍
X

താരസംഘടന 'അമ്മ'യിൽ നടക്കുന്ന വിഷയങ്ങളിൽ പഴയ കാര്യങ്ങൾ വലിച്ചിഴയ്ക്കരുതെന്ന് കെ ബി ഗണേഷ് കുമാർ. ജഗതി ശ്രീകുമാറിന്റെ വിതുര കേസുമായി ബന്ധപ്പെട്ട സംഭവം ഇടവേള ബാബുവിന്റെ മറുപടി കത്തിൽ പരാമർശിച്ചതിനെ തുടർന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. ആരോഗ്യപരമായ പ്രശ്നങ്ങളുമായി അദ്ദേഹം ഒരിടത്തിരിക്കുമ്പോൾ ആരും ഓർക്കാത്ത ഒരു വിഷയം വെറുതെ വലിച്ചിഴയ്ക്കരുത് എന്നും അന്നത്തെ 'അമ്മ'യുടെ സാഹചര്യമല്ല ഇന്ന് എന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

താരസംഘടന 'അമ്മ' ഒരു ക്ലബ് ആണെന്ന് പരാമര്‍ശത്തില്‍ വിശദീകരണവുമായി കഴിഞ്ഞ ദിവസം ഇടവേള ബാബു നൽകിയ കത്തിന് മറുപടിയുമായി മാധ്യമങ്ങളെ കാണുകയായിരുന്നു കെ ബി ഗണേഷ് കുമാർ. ഈ സംഭവങ്ങൾ നടക്കുന്ന കാലത്ത് ഇടവേള ബാബു 'അമ്മ'യുടെ കമ്മിറ്റിയിൽ ഇല്ലായിരുന്നു എന്നും ഇത്തരം കഥകളൊക്കെ വെറും പൊങ്ങച്ചത്തിൽ മാത്രം പറയുന്നതാണ് എന്നും ഗണേഷ് കുമാർ മറുപടി നൽകി.

ജഗതി ശ്രീകുമാർ ഒരു വലിയ നടനാണ്. ആരോഗ്യപരമായ പ്രശ്നങ്ങളുമായി അദ്ദേഹം ഒരിടത്തിരിക്കുമ്പോൾ ആരും ഓർക്കാത്ത ഒരു വിഷയം ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത് ഒട്ടും ശരിയായില്ല. മാത്രമല്ല ആ വിഷയത്തിൽ ജഗതി ശ്രീകുമാറിനെ ബഹുമാനപ്പെട്ട കോടതി കുറ്റവിമുക്തനാക്കിയിട്ടുമുണ്ട്. അതുകൊണ്ട് ആ വിഷയം ഇവിടെ സംസാരിക്കേണ്ട കാര്യമില്ല. ആ സംഭവങ്ങളൊക്കെ നടക്കുന്ന കാലത്ത് ഇടവേള ബാബു 'അമ്മ'യുടെ കമ്മിറ്റിയിലൊന്നും ഇല്ല. ആ കഥ ഒരു പൊങ്ങച്ചത്തിന് പറയുന്നതാണ്.

വിതുര സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് 1996ൽ ജഗതി ശ്രീകുമാറിനെതിരെ കേസ് നടക്കുന്നത്. രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളില്‍ 20 പ്രതികളെയും വിചാരണ കോടതി വെറുതെവിട്ടിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രതികളെ വെറുതെ വിടാനിടയാക്കിയത്. കേസിൽ ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

Story highlights: It is not right to drag Jagathi Sreekumar's Case that no one remembers; K B Ganesh Kumar

Next Story