Top

'അമ്മ'യില്‍ അഭിപ്രായ ഭിന്നത: വിജയ് ബാബുവിന്റെ 'മാറിനില്‍ക്കല്‍' അംഗീകരിച്ചതിനെതിരെ ശ്വേത; 'പുറത്താക്കാന്‍ മുന്‍പേ തീരുമാനിച്ചിരുന്നു'

''അന്ന് തന്നെ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്.''

1 May 2022 3:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മയില്‍ അഭിപ്രായ ഭിന്നത: വിജയ് ബാബുവിന്റെ മാറിനില്‍ക്കല്‍ അംഗീകരിച്ചതിനെതിരെ ശ്വേത; പുറത്താക്കാന്‍ മുന്‍പേ തീരുമാനിച്ചിരുന്നു
X

കൊച്ചി: Disagreement over star organization 'Amma' over Vijay Babu's expulsion. വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി.

വൈകിട്ട് ആറ് മണിക്ക് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് 'അമ്മ'യ്ക്ക് കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

അമ്മയുടെ പത്രക്കുറിപ്പ്

'തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നതായി ശ്രീ. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.'

കത്തില്‍ വിജയ് ബാബു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. എന്നാല്‍ ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

'അമ്മ' ഐസിസിയിലെ വനിതാ അംഗങ്ങളില്‍ ഒരാളൊഴികെ വിജയ് ബാബുവിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെ തുണച്ചു. പുരുഷ അംഗങ്ങളില്‍ ഏതാനും പേര്‍ മാത്രമാണ് വിജയ് ബാബുവിന് അനൂകൂല നിലപാടെടുത്തത്. ചിലര്‍ നിലപാട് പറയാതെ നിശ്ശബ്ദത പാലിച്ചു. ബാബുരാജ് അടക്കമുള്ളവര്‍ സംഘടനയില്‍ നിന്ന് രാജി വെയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമ്മര്‍ദ്ദം കടുത്തതോടെ പുറത്താക്കല്‍ ഒഴിവാക്കാനായി വിജയ് ബാബുവിനെ അനുകൂലിക്കുന്നവര്‍ കത്ത് അയക്കാന്‍ നടനോട് നിര്‍ദ്ദേശിച്ചെന്നാണ് ലഭിക്കുന്ന വിവരം.

Next Story