Top

കെപിസിസിയെ പ്രതിഷേധം അറിയിക്കും, ഐഎന്‍ടിയുസി - വിഡി സതീശന്‍ പോര് കനക്കുന്നു; 'ചങ്ങനാശ്ശേരിയിലെ പ്രകടനത്തില്‍ നടപടിയില്ല'

2 April 2022 2:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസിയെ പ്രതിഷേധം അറിയിക്കും,  ഐഎന്‍ടിയുസി - വിഡി സതീശന്‍ പോര് കനക്കുന്നു; ചങ്ങനാശ്ശേരിയിലെ പ്രകടനത്തില്‍ നടപടിയില്ല
X

തിരുവനന്തപുരം: തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെ അമര്‍ഷം ശക്തം. വിഡി സതീശന്റെ പരാമര്‍ശത്തിന് എതിരായ പ്രതിഷേധം കെപിസിസിയെ അറിയിക്കാനാണ് സംഘടനയുടെ നീക്കം. ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്റ്മാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ ചങ്ങനാശ്ശേരിയില്‍ നടന്ന ഐന്‍ടിയുസി പ്രകടനത്തെ നേരത്തെ നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ നടപടി വേണ്ടെന്നാണ് ഐന്‍ടിയുസി നേതൃത്വത്തിന്റെ നിലപാട്. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് പയുമ്പോഴും പ്രവര്‍ത്തകരുടെ വികാരമാണ് സംഘടനയ്ക്ക് ആകമാനം എന്ന സൂചനകൂടി നല്‍ക്കുകയാണ് പ്രതിഷേധക്കാരെ സംരക്ഷിക്കുന്നലൂടെ ഐഎന്‍ടിയുസി നേതൃത്വം.

ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന പരാമര്‍ശത്തോടെയാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പരാമര്‍ശം വിഡി സതീശന്‍ നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നാലെ ആയിരുന്നു ചെങ്ങന്നൂരില്‍ പ്രതിഷേധം ഉയര്‍ന്നത്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും ഒന്നാണ്, വിഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. വലിയ തൊഴിലാളി പങ്കാളിത്തമാണ് പ്രതിഷേധത്തിലുള്ളത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. തള്ളിപറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പിപി തോമസ് വ്യക്തമാക്കുകയും ചെയ്തു. വിഡി സതീശന്‍ ഇന്നലെ കോട്ടയം സന്ദര്‍ശിക്കാനിരിക്കെയായിരുന്നു ഐഎന്‍ടിയുസി പ്രതിഷേധം.

ഐഎന്‍ടിയുസി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ തന്നെ പിന്നാലെ രംഗത്ത് എത്തി. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേരുന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിഷയം പരിശോധിക്കുമെന്നും വ്യക്തമാക്കി. വിഷയത്തില്‍ വീണ്ടും പ്രതികരിച്ച വിഡി സതീശനും പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചത്.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന പോലെ പ്രവര്‍ത്തിക്കുന്ന ഒന്നല്ലെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് അവര്‍ക്കൊരു നിയന്ത്രണം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും പ്രതികരിച്ചു. താന്‍ ഐഎന്‍ടിയുസിയെ തള്ളി പറഞ്ഞിട്ടില്ല. അതിന് കഴിയുകയുമില്ല. ഐഎന്‍ടിയുസിയുടെ ഏറ്റവും കൂടുതല്‍ യൂണിയനുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളാണ് താന്‍. എന്നാല്‍ ചങ്ങനാശ്ശേരിയിലെ ഐഎന്‍ടിയുസി പ്രകടനത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണ്. പ്രതിഷേധ പ്രകടനം പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിക്ക് ദോഷകരമായ രീതിയിലേക്ക് ഈ കുത്തിത്തിരിപ്പ് കടന്നാല്‍ അത് എവിടെ നിര്‍ത്തണം എന്ന് പാര്‍ട്ടിക്ക് അറിയാം. അത് അറിയാവുന്ന നേതൃത്വമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിലുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: INTUC - VD Satheesan fight intensifies No action in Changanassery protest

Next Story