Top

'ഞാന്‍ ഹാപ്പിയാണ്, മുഖത്തിന്റെ രൂപം എനിക്ക് തീരുമാനിക്കാനാവില്ല'; സുധാകരനെ കണ്ട ശേഷം മാധ്യമങ്ങളോട് ഐഎന്‍ടിയുസി പ്രസിഡന്റ്

4 April 2022 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ഹാപ്പിയാണ്, മുഖത്തിന്റെ രൂപം എനിക്ക് തീരുമാനിക്കാനാവില്ല; സുധാകരനെ കണ്ട ശേഷം മാധ്യമങ്ങളോട് ഐഎന്‍ടിയുസി പ്രസിഡന്റ്
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും ഐഎന്‍ടിയുസിയും ഉള്‍പ്പെടെയുള്ള ഭിന്നത പരിഹരിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്ത കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളെ അവഗണിച്ച് ആര്‍ ചന്ദ്രശേഖരന്‍. ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ വിശദമായി സംസാരിക്കാം എന്നായിരുന്നു ഐഎന്‍ടിയുസി പ്രസിഡന്റിന്റെ പ്രതികരണം. വിഡി സതീശനുമായുള്ള തര്‍ക്കം പരിഹരിച്ചോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാനാവില്ല, എന്നായിരുന്നു ചന്ദ്രശേഖരന്റെ മറുപടി. ഉത്തരവാദിത്തപ്പെട്ട സംഘടനയുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട് എന്നും പ്രതികരിച്ച അദ്ദേഹം പന്ത്രണ്ടരക്ക് മാധ്യമങ്ങളെ കാണാം എന്നും വ്യക്തമാക്കി.

മുഖത്ത് സംതൃ്പതിയില്ലല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എന്റെ മുഖത്തിന്റെ രൂപം എനിക്ക് തീരുമാനിക്കാന്‍ പറ്റില്ലല്ലോ, താന്‍ ഹാപ്പിയാണ് എന്നുമായിരുന്നു ചന്ദ്ര ശേഖരന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വിഡി സതീശനും ഐഎന്‍ടിയുസിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കെപിസിസി ഇടപെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആര്‍ ചന്ദ്രശേഖരനുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടില്ലെങ്കില്‍ പ്രതിപക്ഷ നേതാവിനെതിരെ ശക്തമായി നീങ്ങാന്‍ ഐഎന്‍ടിയുസി പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. ഇന്ന് ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കെ സുധാകരന്റെ ഇടപെടല്‍.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിഡി സതീഷന്റെ പ്രസ്താവനയിലുള്ള അതൃപ്തി ആര്‍ ചന്ദ്രശേഖരന്‍ കെ സുധാകരനെ അറിയിച്ചു. എന്നാല്‍, വാര്‍ത്താസമ്മേനം ഉണ്ടാവുമെന്ന് വ്യക്തമാക്കുന്ന ചന്ദ്രശേഖരന്റെ നിലപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സതീശന്‍ നിലപാട് തിരുത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഐഎന്‍ടിയുസി എന്നാണ് റിപ്പോര്‍ട്ടുകള്‍. 'തൊഴിലാളികളുടെ വികാരം മനസിലാക്കണം' എന്നാണ് ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാടെന്നാണ് വിവരം. ഐഎന്‍ടിയുസിയെ സമൂഹികമാധ്യമങ്ങളില്‍ മോശക്കാരാക്കിയെന്ന നിലപാടാണ് ചന്ദ്രശേഖരന്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചത്. മൂന്ന് മാസം മുന്‍പ് പണിമുടക്കിനെ കുറച്ച് അറിയിച്ചതാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അണികളില്‍ ആശങ്കയുണ്ടാക്കിയെന്നുമാണ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടിയത്.

വിഷയത്തില്‍, തര്‍ക്കം തീര്‍ക്കാന്‍ വിഡി സതീശനുമായും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചര്‍ച്ചകള്‍ നടത്തും എന്നാണ് വിവരം.

Content Highlight: INTUC president R Chandrasekharan reaction after meet kpcc President K Sudhakaran

Next Story