ഇഡിയുടെ ചോദ്യംചെയ്യല്‍; ശ്രുതി ലക്ഷ്മിയുടെ പ്രതികരണം
''തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു''
28 Dec 2021 1:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോന്സണ് മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. മോന്‍സണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചതെന്ന് ശ്രുതി ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. കലാകാരി എന്ന നിലക്ക് പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോണ്‍സന്റെ വീട്ടില്‍ പോയത്. മോന്സണ് മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി.
നേരത്തെയും തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ശ്രുതി ലക്ഷ്മി രംഗത്തെത്തിയിരുന്നു. തനിക്ക് മോന്‍സണുമായി പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂ എന്നാണ് വിവാദങ്ങള്‍ക്ക് പിന്നാലെ ശ്രുതി പ്രതികരിച്ചത്. താനും മോന്സന് മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു.
മോന്‍സണിന്റെ അറസ്റ്റിന് പിന്നാലെ ശ്രുതി ലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെ: ''ചില പരിപാടികള്‍ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോന്സന്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങള്‍ ചികയാന്‍ പോയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എങ്ങനെയാണിതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല. ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് മോന്‍സന്റെ അടുക്കല്‍ താന്‍ പോയത്. മുടികൊഴിച്ചില്‍ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞു.''
''കുടുംബമായിട്ടാണ് പരിപാടികള്‍ക്ക് പോയത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു''.- ശ്രുതി പറഞ്ഞു.