Top

'ലൗജിഹാദില്‍ ചില ആശങ്കകളുണ്ട്'; മിശ്രവിവാഹം സംബന്ധിച്ച് കാത്തോലിക്കാ സഭയില്‍ ഭിന്നാഭിപ്രായം

23 April 2022 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൗജിഹാദില്‍ ചില ആശങ്കകളുണ്ട്; മിശ്രവിവാഹം സംബന്ധിച്ച് കാത്തോലിക്കാ സഭയില്‍ ഭിന്നാഭിപ്രായം
X

പാലക്കാട്: മിശ്രവിവാഹം സംബന്ധിച്ച വിഷയത്തില്‍ റോമന്‍ കാത്തോലിക്കാ സഭയില്‍ ഭിന്നാഭിപ്രായം. മിശ്രവിവാഹങ്ങള്‍ക്ക് സഭ എതിരല്ലെന്നാണ് സ്ഥാനമൊഴിയുന്ന സീറോ മലബാര്‍ സഭ പാലക്കാട് രൂപത അധ്യക്ഷന്റെ പ്രതികരണം. നിയുക്ത പാലക്കാട് ബിഷപ്പ് പീറ്റര്‍ കൊച്ചുപുരക്കലിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് മാര്‍ ജേക്കബ് മനത്തോട്ടത്തില്‍ മുന്നോട്ട് വയ്ക്കുന്നത്.

മിശ്രവിവാഹങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. അത് നിരുല്‍സാഹപ്പെടുത്തേണ്ട ഒന്നല്ല, പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നുമല്ല. വ്യത്യസ്ഥ ചിന്താഗതികളും വിശ്വാസങ്ങളും വച്ച് പുലര്‍ത്തുന്നവര്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടായതിനെ കുറിച്ച് തനിക്കറിയാം എന്നുമായിരുന്നു മാര്‍ ജേക്കബ് മന്നത്തോട്ടത്തിലിന്റെ പ്രതികരണം. തന്റെ പിന്‍ഗാമിയും തന്റെ വഴിയിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മിശ്രവിവാഹത്തെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല എന്നായിരുന്നു നിയുക്ത ബിഷപ്പ് പീറ്റര്‍ കൊച്ചുപുരക്കലിന്റെ പ്രതികരണം. സഭയിലെ മക്കള്‍ സഭയുടെ കൂദാശ സ്വീകരിച്ച സഭയില്‍ വളരണം എന്നാണ് ആഗ്രഹം. അതിനാല്‍ തന്നെ മറ്റൊരു തരത്തിലുള്ള വിവാഹ രീതിയെയും സഭ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേക സാഹചര്യങ്ങളില്‍ അനുവദിക്കുന്നു എന്നേയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാല്‍, ലൗ ജിഹാദ് എന്ന വിഷയത്തില്‍ സമാന അഭിപ്രായമാണ് ഇരു ബിഷപ്പുമാര്‍ക്കുമുള്ളത്. ആശങ്ക വച്ച് നോക്കുമ്പോള്‍ ചില സംശയകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് പീറ്റര്‍ കൊച്ചുപുരക്കലിന്റെ പ്രതികരണം. ഒരു സമുദായത്തിലുള്ളനവരാണ് ലൗജിഹാദില്‍പ്പെട്ട് മറ്റൊരു സമുദായത്തിലേക്ക് പോവുന്നത്. എന്തൊക്കെയോ ഇതിന് പിന്നില്‍ നടക്കുന്നു എന്നും മാര്‍ ജേക്കബ് മനത്തോട്ടത്ത് വ്യക്തമാക്കുന്നു. കത്തോലിക്ക സഭാ വിശ്വാസികളെ ഉറപ്പിച്ച് നിര്‍ത്തേണ്ടത് ഞങ്ങളുടെ കടമയാണ് എന്നും ഇരു ബിഷപ്പുമാരും ചൂണ്ടിക്കാട്ടുന്നു.

Story Highlight; inter religion marriages Disagreement Catholic Church Palakkad diocese

Next Story