Top

'ട്രസ്റ്റ് അംഗമായിരുന്നു, ഒരു വര്‍ഷം മുന്‍പ് ഒഴിഞ്ഞു'; സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മുഹമ്മദ് സുലൈമാന്റെ മറുപടി

''ഒരിക്കലും ചെയര്‍മാന്‍ പദവി സ്ഥാനം വഹിച്ചിട്ടില്ല. ട്രസ്റ്റ് അംഗം മാത്രമായിരുന്നു.''

28 Sep 2022 12:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രസ്റ്റ് അംഗമായിരുന്നു, ഒരു വര്‍ഷം മുന്‍പ് ഒഴിഞ്ഞു; സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മുഹമ്മദ് സുലൈമാന്റെ മറുപടി
X

റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍. താന്‍ റിഹാബിന്റെ ട്രസ്റ്റി മാത്രമായിരുന്നെന്നും ഒരിക്കലും ചെയര്‍മാന്‍ പദവി വഹിച്ചിട്ടില്ലെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

ഇപ്പോള്‍ റിഹാബ് ഫൗണ്ടേഷനുമായി തനിക്കൊരു ബന്ധവുമില്ല. ഒരു വര്‍ഷം മുന്‍പ് ചുമതലകളില്‍ നിന്നെന്നും ഒഴിഞ്ഞിരുന്നു. ഇപ്പോഴത്തെ ഭാരവാഹികള്‍ ആരാണെന്ന് പോലും അറിയില്ലെന്ന് മുഹമ്മദ് സുലൈമാന്‍ അറിയിച്ചു.

''എനിക്ക് ഇപ്പോള്‍ റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധവുമില്ല. ഒരിക്കലും ചെയര്‍മാന്‍ പദവി സ്ഥാനം വഹിച്ചിട്ടില്ല. ട്രസ്റ്റ് അംഗം മാത്രമായിരുന്നു. ഇത് ഒരു വര്‍ഷം മുന്‍പ് ഒഴിഞ്ഞിരുന്നു. ഇ അബൂബക്കര്‍ ആയിരുന്നു ചെയര്‍മാന്‍.''-മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

മുഹമ്മദ് സുലൈമാനാണ് നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്റെ ചെയര്‍മാനെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് സുലൈമാന്റെ മറുപടി.

റിഹാബ് ഫൗണ്ടേഷനെ കുറിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് അറിയുമോയെന്ന് അറിയില്ലെന്നാണ് ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പറഞ്ഞത്. ഫൗണ്ടേഷനുമായി നിലവില്‍ മുഹമ്മദ് സുലൈമാന് ബന്ധമില്ല. അദ്ദേഹമിപ്പോള്‍ ഐഎന്‍എല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ നല്‍കി മുന്നോട്ട് പോകുകയാണെന്നും കാസിം ഇരിക്കൂര്‍ വിശദീകരിച്ചിരുന്നു.

റിഹാബ് ഫൗണ്ടേഷന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനായാണെന്നാണ് അറിവ്. ഇതിനെ കുറിച്ച് കൂടുതലറിയില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. സുരേന്ദ്രന്‍ പറഞ്ഞത് രാഷ്ടീയ വിവരക്കേട് ആണെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെ കൊണ്ട് ഇത് പറയിപ്പിച്ചതാരാണെന്ന് അറിയാമെന്നും ഇരിക്കൂര്‍ പറഞ്ഞു. റിഹാബ് ഫൗണ്ടേഷന്‍ തുടക്കത്തില്‍ നല്ല സംഘടനയായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പിന്നീട് തീവ്രവാദ സംഘങ്ങള്‍ നുഴഞ്ഞു കയറിയതോടെ മുഹമ്മദ് സുലൈമാന്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും നേതാക്കള്‍ വിശദീകരിച്ചു.

റിഹാബ് ഫൌണ്ടേഷനുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലും വിശദീകരിച്ചു. റിഹാബ് ഫൗണ്ടേഷനുമായി തന്നെയും തന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐഎന്‍എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്. സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും രാജിയുടെ വിഷയം ഉദിക്കുന്നില്ലെന്നും പ്രസ്താവന പിന്‍വലിച്ച് സുരേന്ദ്രന്‍ മാപ്പ് പറയണമെന്നും അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടിരുന്നു.

Next Story