Top

'അതങ്ങ് മന്ത്രിയുടെ വീട്ടില്‍ പോയി പറഞ്ഞാലും അംഗീകരിക്കില്ല'; സപ്ലൈകോ വിലക്കയറ്റം തടയുന്നെന്ന സര്‍ക്കാര്‍ വാദത്തോട് പ്രതിപക്ഷം

16 March 2022 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതങ്ങ് മന്ത്രിയുടെ വീട്ടില്‍ പോയി പറഞ്ഞാലും അംഗീകരിക്കില്ല; സപ്ലൈകോ വിലക്കയറ്റം തടയുന്നെന്ന സര്‍ക്കാര്‍ വാദത്തോട് പ്രതിപക്ഷം
X

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കറ്റം സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. കൊവിഡ് മഹാമാരി ജനജീവിതത്തെ സാരമായി ബാധിച്ച കേരളത്തില്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയാണ് വിലക്കയറ്റം ബാധിച്ചത് എന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി റോജി എം ജോണ്‍ സഭയില്‍ അരോപിച്ചു. സിപിഐയുടെ വകുപ്പുകളില്‍ എല്ലാം വിലവര്‍ധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിയന്തിക്കുന്ന പോലെയാണ് കിറ്റ് വിതരണം നടക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണം അവസാനിപ്പിച്ചു എന്നും റോജി എം ജോണ്‍ സഭയെ അറിയിച്ചു.

എന്നാല്‍, വിലക്കയറ്റത്തിന് കാരണം പെട്രോള്‍, ഡീസല്‍ വില വര്‍ധനയാണ് എന്ന് മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ ഇടപെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1,853 കോടി വിപണി ഇടപെടലിന് ചെലവഴിച്ചെന്നും മന്ത്രി സഭയെ അറിയിച്ചു. മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. വിലക്കയറ്റം ഉണ്ടെങ്കിലും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ വിലക്കയറ്റം സംസ്ഥാനത്തുണ്ടെന്ന് സമ്മതിക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം എന്നായിരുന്നു ഇതിനെതിരെ പ്രതിപക്ഷം നല്‍കിയ മറുപടി. ഇതുപോലെ വിലകയറിയ കാലമില്ല ജനങ്ങള്‍ പ്രതിസന്ധിയിലാണ്. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന് വാദം മന്ത്രി സ്വന്തം വീട്ടില്‍ പോയി പറഞ്ഞാല്‍ അവിടെയുള്ളവര്‍ പോലും അഗീകരിക്കില്ലെന്നും റോജി എം ജോണ്‍ പ്രതികരിച്ചു. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെയാണ് വിലക്കയറ്റം, മല്ലി വില 90 ല്‍ നിന്ന് 140 ആയി. വറ്റല്‍ മുളക് 170 ല്‍ നിന്ന് 240 ആയി. പല ഉത്പനങ്ങളും സപ്ലൈകോയില്‍ ലഭ്യമല്ലെന്നും റോജി എം ജോണ്‍ വ്യക്തമാക്കുന്നു.

കോഴിയിറച്ചിക്ക് ക്രമാതീതമായി വില കൂടുകയാണ് എന്ന വിഷയവും സഭയില്‍ ഉന്നയിക്കപ്പെട്ടു. 85 രൂപയ്ക്ക് കെ ചിക്കന്‍ നല്‍കുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ദന്‍ നിയമ സഭയില്‍ ഉണ്ടായിരുന്നു എന്നും റോജി എം ജോണ്‍ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ് എന്നതാണ് യാഥാര്‍ത്ഥ്യം, അത് സാധാരണക്കാര്‍ക്ക് മനസിലാവും. ഇക്കാര്യം വ്യക്തമാവാന്‍ ധനമന്ത്രിയെ പോലെ സാമ്പത്തിക വിദഗ്ദനാവേണ്ടതില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാല്‍, പ്രതിപക്ഷ ആരോപണം തള്ളിയ ഭക്ഷ്യ മന്ത്രി കുറഞ്ഞ വിലയില്‍ നല്ല ഉത്പന്നങ്ങള്‍ കിട്ടുന്ന കാലം വേറെ ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ടു. കോണ്‍ഗ്രസ് വിലത്തകര്‍ച്ച നേരിടുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, പ്രതിപക്ഷം രാഷ്ട്രീയ പ്രസംഗത്തിനാണ് തയ്യാറായതെന്നും കുറ്റപ്പെടുത്തി. മന്ത്രിയുടെ മറുപടിയ്ക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

വിലക്കയറ്റം വിഷയത്തില്‍ സര്‍ക്കാരിനെ അറിയിക്കാനാണ് ഇക്കാര്യം സഭയില്‍ കൊണ്ടു വന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രി പ്രകോപനപരമായ മറുപടിയാണ് പറഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ വിപണിയില്‍ വന്‍ വില വര്‍ധന ഉണ്ടായി. പൊതുവിപണിയില്‍ വില കൂടുതലെന്ന് മന്ത്രി തന്നെ സമ്മതിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Content Highlight: Inflation of essential commodities in Kerala market adjournment motion

Next Story