Top

കത്രിക വയറ്റിൽ മറന്നു വെച്ച സംഭവം: അന്വേഷണ റിപ്പോർട്ട് വന്നില്ല; പ്രതിഷേധവുമായി ഹർഷീന മെഡിക്കൽ കോളേജ് ആശുപത്രിയിൽ

അന്വേഷണസംഘം പരാതിക്കാരിയിൽ നിന്ന് തെളിവെടുത്തു പോയി രണ്ടുമാസം ആകുമ്പോഴും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല

12 Dec 2022 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കത്രിക വയറ്റിൽ മറന്നു വെച്ച സംഭവം: അന്വേഷണ റിപ്പോർട്ട് വന്നില്ല; പ്രതിഷേധവുമായി ഹർഷീന മെഡിക്കൽ കോളേജ് ആശുപത്രിയിൽ
X

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ പ്രതിഷേധം. അന്വേഷണ റിപ്പോർട്ട് ലഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്ത് വന്നില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയായ ഹർഷീന ആരോപിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് ഹർഷീനയുടെ പ്രതിഷേധം. പരാതി അറിയിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജിനെ ഫോണിൽ വിളിച്ചിട്ടു പോലും കിട്ടുന്നില്ല. ബന്ധപ്പെട്ട കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ ആശുപത്രിയിൽ തുടരുമെന്ന് ഹർഷിന റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

അന്വേഷണസംഘം പരാതിക്കാരിയിൽ നിന്ന് തെളിവെടുത്തു പോയി രണ്ടുമാസം ആകുമ്പോഴും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്.

യുവതിയുടെ വയറ്റിൽ നിന്ന് അഞ്ചു വർഷത്തിന് ശേഷം പുറത്തെടുത്ത കത്രിക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേതാകാൻ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയക്ക് ഉപയോ​ഗിച്ച ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ല. കണക്കെടുപ്പിൽ എല്ലാ ഉപകരണങ്ങളും കൃത്യമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

പ്രസവ ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. താമരശ്ശേരി സ്വദേശിയായ ഹര്‍ഷീന അഷ്‌റഫ് എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. അഞ്ച് വര്‍ഷമായി ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക ഉളളതായി കണ്ടെത്തിയത്.

2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷീനയ്ക്ക് അവശതയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്.

STORY HIGHLIGHTS: incident where the scissors were left in the stomach in kozhikode medical college

Next Story