Top

'പുതിയ വ്യവസായ സംരംഭങ്ങളുടെ സുഗമ പ്രവര്‍ത്തനം ഈ നാട്ടില്‍ സാധ്യമല്ല'; ട്രേഡ് യൂണിയന്‍ സമരം മൂലം പൂട്ടേണ്ടി വരുമെന്ന് നെസ്റ്റോ

' നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഈ സമര പന്തല്‍ ഇവിടെ ഗേറ്റിന് മുന്‍വശം വഴി തടസ്സപ്പെടുത്തി വന്നിരിക്കുന്നത്. അവര്‍ക്ക് മാത്രമാണ് ചരക്കു കയറ്റിറക്ക് അധികാരം എന്നാണ് അവര്‍ ഉന്നയിക്കുന്ന വാദം.'

4 July 2022 4:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ വ്യവസായ സംരംഭങ്ങളുടെ സുഗമ പ്രവര്‍ത്തനം ഈ നാട്ടില്‍ സാധ്യമല്ല; ട്രേഡ് യൂണിയന്‍ സമരം മൂലം പൂട്ടേണ്ടി വരുമെന്ന് നെസ്റ്റോ
X

കല്‍പറ്റ: സംയുക്ത ട്രേഡ് യൂണിയന്‍ സമരം തുടരുന്നതിനിടെ വിശദീകരണക്കുറിപ്പുമായി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്. സമരം കാരണം കല്‍പറ്റയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് നെസ്റ്റോ ഗ്രൂപ്പ് പ്രതികരിച്ചു. വ്യവസായ സൗഹൃദപരമായ അന്തരീക്ഷം എന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ ട്രേഡ് യൂണിയനുകള്‍ തീര്‍ത്തും ലജ്ജാവഹമായ പ്രസ്താവനകള്‍ ഉന്നയിച്ചു കൊണ്ടാണ് ഈ സമരം ആരംഭിച്ചിരിക്കുന്നതെന്ന് നെസ്റ്റോ പറയുന്നു. ചരക്കുമായി വരുന്ന വാഹനങ്ങള്‍ക്ക് നെസ്റ്റോ കോമ്പൗണ്ട് പരിധിക്കുള്ളില്‍ കയറ്റിറക്ക് നിയമപരമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനുവദിച്ച ലേബര്‍ കാര്‍ഡുള്ള നാല് തൊഴിലാളികളാണ് തങ്ങള്‍ക്കുള്ളതെന്നും നെസ്‌റ്റോ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

'യൂണിയന്‍ ചുമട്ടു തൊഴിലാളികള്‍ നെസ്‌റ്റോ കോമ്പൗണ്ടിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. രണ്ട് ദിവസം ചരക്കിറക്കാന്‍ പറ്റാത്തതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്വന്തം തൊഴിലാളികളെ വെച്ച് ചരക്കിറക്കാന്‍ പൊലീസ് സുരക്ഷ അനുവദിച്ചിട്ടുണ്ട്,' നെസ്റ്റോ ഗ്രൂപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ ചുമട്ടു തൊഴിലാളികള്‍ ചരക്കിറക്ക് തടസപ്പെടുത്തുന്നത് തുടരുകയാണെന്നും നെസ്റ്റോ കുറ്റപ്പെടുത്തി. ഇപ്പോള്‍ ഉപഭോക്താക്കളോട് തിരിച്ചുപോവാന്‍ ആവശ്യപ്പെടുകയുമാണ് ഇവര്‍. അതുകൊണ്ട് തന്നെ ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടമാണ് ഞങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാറ്റിനുമെതിരെ സുതാര്യമായ നടപടിയുണ്ടാകണം. പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിച്ചു പോരാന്‍ നമ്മുടെ നാട്ടില്‍ ഇന്നും സാധ്യമല്ല എന്ന് ഇവരെ പോലുള്ളവര്‍ വീണ്ടും തെളിയിക്കുന്നു. ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ ഈ പറയുന്ന തൊഴിലാളി യൂണിയനുകള്‍ക്ക് സാധിക്കുമോയെന്നും നെസ്‌റ്റോ ചോദിച്ചു.

നെസ്‌റ്റോയുടെ പ്രതികരണം

സമരവും യാഥാര്‍ത്ഥ്യവും

കല്‍പറ്റ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ രണ്ടാഴ്ച്ചക്കാലമായി ട്രേഡ് യൂണിയന്‍ നടത്തി വരുന്ന സമരത്തിന്റെ നിജസ്ഥിതി ഞങ്ങള്‍ ജനങ്ങളെയും അധികാരികളെയും അറിയിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലായി നൂറില്‍ പരം ഔട്ട്‌ലെറ്റുകള്‍ ഉള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് 35,000ല്‍ അധികം ആളുകള്‍ക്ക് ജോലി നല്‍കി വരുന്നു. അതില്‍ 25,000ത്തോളം മലയാളികള്‍ ആണെന്നുമുള്ള സന്തോഷം നെസ്റ്റോ നിങ്ങളെ അറിയിക്കുന്നു.

കേരളത്തില്‍ 25നോടടുത്ത് ഔട്ട്‌ലെറ്റുകള്‍ 2025 പൂര്‍ത്തിയാവുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുകയും അതില്‍ നിലവില്‍ പതിനഞ്ചോളം ഔട്ട്‌ലെറ്റുകളുടെ വര്‍ക്കുകള്‍ പല ജില്ലകളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 10,000 അധികം ആളുകള്‍ക്ക് ജോലി നല്‍കാന്‍ നെസ്റ്റോ ഗ്രൂപ്പിന് സാധിക്കും. ഇപ്പോള്‍ കല്‍പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂമില്‍ ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍വ്യൂ വെച്ചപ്പോള്‍ 2,500 ലധികം ആളുകളാണ് ജോലിക്ക് അപേക്ഷിച്ചത്. അതില്‍ നിന്നും 300 ലധികം ആളുകളെ നിയമിച്ചതില്‍ 95 ശതമാനം ആളുകള്‍ വയനാട്ടുകാരാണ്.

വയനാട്ടുകാര്‍ക്ക് ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം മികച്ച ഉല്‍പന്നങ്ങള്‍ മിതമായ വിലയില്‍ ഒരു കുടക്കീഴില്‍ ഒരുക്കുവാന്‍ നെസ്റ്റോ ഗ്രൂപ്പിന് സാധിച്ചു. ഇന്ന് ഒരു മാസം ഇപ്പുറം, നെസ്റ്റോ കല്‍പറ്റയിലെ സ്ഥാപനത്തിന് മുമ്പില്‍ ചില ട്രേഡ് യൂണിയനുകളുടെ സമര പന്തലുകള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. വ്യവസായ സൗഹൃദപരമായ അന്തരീക്ഷം എന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ ഇതുപോലെ ഉള്ള ട്രേഡ് യൂണിയനുകള്‍ തീര്‍ത്തും ലജ്ജാവഹമായ പ്രസ്താവനകള്‍ ഉന്നയിച്ചു കൊണ്ടാണ് ഈ സമരം ആരംഭിച്ചു കൊണ്ടിരിക്കുന്നത്. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഈ സമര പന്തല്‍ ഇവിടെ ഗേറ്റിന് മുന്‍വശം വഴി തടസ്സപ്പെടുത്തി വന്നിരിക്കുന്നത്. അവര്‍ക്ക് മാത്രമാണ് ചരക്കു കയറ്റിറക്ക് അധികാരം എന്നാണ് അവര്‍ ഉന്നയിക്കുന്ന വാദം.

എന്നാല്‍ ഞങ്ങളുടെ നിയമ പരിധിയില്‍ (കോമ്പൗണ്ട് പരിധിക്കുള്ളില്‍) ചരക്കുമായി വരുന്ന വാഹനങ്ങള്‍ക്ക് കയറ്റിറക്ക് തീര്‍ത്തും നിയമപരമായി തന്നെ ബഹുമാനപ്പെട്ട ഹൈകോടതി ഉത്തരവോട് കൂടി വയനാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനുവദിച്ച ലേബര്‍ കാര്‍ഡുള്ള നാല് തൊഴിലാളികളാണ് ഞങ്ങള്‍ക്കുള്ളത്. അത് പ്രകാരം നിയമപരമായി മാത്രമാണ് നെസ്റ്റോ, ലേബര്‍ കാര്‍ഡുള്ള സ്വന്തം തൊഴിലാളികളെ വെച്ച് കയറ്റിറക്ക് ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ നെസ്റ്റോയുടെ കോമ്പൗണ്ടിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ തടയുകയും ഭീഷണിപ്പെടുത്തുകയുമാണ് ചുമട്ടു തൊഴിലാളികളുടെ ഭാഗത്ത് നിന്നുമുണ്ടായത്. തുടര്‍ന്ന് രണ്ട് ദിവസം പൂര്‍ണ്ണമായും ചരക്കിറക്കാന്‍ സാധിക്കാതെ വന്നതിനാല്‍ വീണ്ടും ബഹുമാനപ്പെട്ട ഹൈക്കോടതിയെ ബന്ധപ്പെടുകയും, ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും സ്വന്തം തൊഴിലാളികളെ വെച്ച് ചരക്കിറക്കാന്‍ പോലീസ് സുരക്ഷ അനുവദിക്കുകയും ചെയ്തു.

അതിന് ശേഷം ചുമട്ടു തൊഴിലാളികള്‍ വിപുലമായ സമരപന്തല്‍, വഴി തടസ്സപ്പെടുത്തി നിര്‍മ്മിക്കുകയും പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുകയും വരുന്ന വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. കല്‍പറ്റ പോലീസിന്റെ സഹായത്തോട് കൂടിയാണ് ഇപ്പോള്‍ അവിടെ ഞങ്ങള്‍ ചരക്കിറക്കുന്നത്. എന്നാല്‍ ഇപ്പോഴും ഓരോ വാഹനം വരുമ്പോഴും അവര്‍ തടയുന്നത് തുടരുകയും തുടര്‍ന്ന് പോലീസിനെ വിളിച്ചു വരുത്തി ചരക്കിറക്കുന്ന സ്ഥിതി വിശേഷം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുന്നത് കൂടാതെ അവിടേക്ക് വരുന്ന ഉപഭോക്താക്കളോട് തിരിച്ചുപോവാന്‍ ആവശ്യപ്പെടുകയുമാണ് ഇവര്‍. ഇതു കൊണ്ട് തന്നെ ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടമാണ് ഞങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാറ്റിനുമെതിരെ സുതാര്യമായ നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിച്ചു പോരാന്‍ നമ്മുടെ നാട്ടില്‍ ഇന്നും സാധ്യമല്ല എന്ന് ഇവരെ പോലുള്ളവര്‍ വീണ്ടും തെളിയിക്കുന്നു. ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ ഈ പറയുന്ന തൊഴിലാളി യൂണിയനുകള്‍ക്ക് സാധിക്കുമോ, പകരം ഒരു വ്യവസായ സംരംഭത്തെ അവിടുത്തെ തൊഴിലാളികളെ, അവിടെ വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കൊടിയും കുത്തി സമരം ആഹ്വാനം ചെയ്യാന്‍ മുന്‍പന്തിയിലാണ് ഇവര്‍. ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ക്ക് ഈ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുക തന്നെ ചെയ്യും. എന്നും ഞങ്ങളോടൊപ്പം കൂടെ നിന്നിട്ടുള്ള നല്ലവരായ ജനങ്ങള്‍ക്ക് കാര്യത്തിന്റെ നിജസ്ഥിതി അറിയിക്കാനാണ് ഇങ്ങനെയൊരു പോസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്.

STORY HIGHLIGHTS: In the verge of shut down nesto group against trade union strike

Next Story