Top

ഇരുട്ട് മുറിയിലൂടെ അവരുടെ കൈ പിടിച്ച് എട്ട് മിനുട്ട്; കാഴ്ച്ചാ പരിമിതിയുടെ വെല്ലുവിളി ബോധ്യപ്പെടുത്തി കെഎഎന്‍എം സമ്മേളനത്തിലെ ഡാര്‍ക് റൂം

യാത്രക്കാരൻ കടന്നുപോകുന്നത് കാട്ടിലൂടെയും കടൽതീരത്തിലൂടെയും തിരക്കുപിടിച്ച റോഡിലൂടെയും കൂകി പായുന്ന തീവണ്ടിക്ക് മുൻപിലൂടെയും

13 May 2022 5:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരുട്ട് മുറിയിലൂടെ അവരുടെ കൈ പിടിച്ച് എട്ട് മിനുട്ട്; കാഴ്ച്ചാ പരിമിതിയുടെ വെല്ലുവിളി ബോധ്യപ്പെടുത്തി കെഎഎന്‍എം സമ്മേളനത്തിലെ ഡാര്‍ക് റൂം
X

കൊച്ചി: കാഴ്ച ശക്തിയില്ലാത്തവരുടെ ലോകം അനുഭവിക്കാൻ ഒരു ഡാർക് റൂം. പെരുമ്പാവൂർ പാലക്കാട്ട് താഴത്ത് കേരള നദ് വത്തുൽ മുജാഹിദീൻ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന ദ മെസേജ് മെഡിക്കൽ എക്സിബിഷൻ വേദിയിലാണ് "ഇരുട്ട് മുറി" ഒരുക്കിയിരിക്കുന്നത്. കണ്ണ് കാണാൻ കഴിയാത്ത ഇരുട്ടുമുറിയിലൂടെ എട്ട് മിനുട്ട് നീണ്ട യാത്ര. യാത്രക്കാരൻ കടന്നുപോകുന്നത് കാട്ടിലൂടെയും കടൽതീരത്തിലൂടെയും തിരക്കുപിടിച്ച റോഡിലൂടെയും കൂകി പായുന്ന തീവണ്ടിക്ക് മുൻപിലൂടെയും. യാത്രയിലെ കൗതുകമെന്തെന്നാൽ അപകടം പിടിച്ച വഴിയിലൂടെ സുരക്ഷിതമായി കൈ പിടിച്ച് കൊണ്ടു പോകുക കാഴ്ചാ വെല്ലുവിളി നേരിടുന്ന ഒരാളാവും.

താമരശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപകനായ കോഴിക്കോട് സ്വദേശി കെ.എ ഷിഹാബ്, എടവണ്ണപ്പാറ ചാലിയപ്പുറം ഗവൺമെൻറ് ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ മലപ്പുറം സ്വദേശി കെ ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ 12 പേർ അടങ്ങിയ സംഘമാണ് ഡാർക് റൂം എന്ന ആശയത്തിന് പിന്നിൽ. ചന്തിരൂർ, കാലിക്കട്ട് സർവകലാശാല എന്നിവിടങ്ങളിൽ വിജയകരമായി പരീക്ഷിച്ച പരിപാടിയുമായാണ് സംഘം കെ.എൻ.എമ്മിന്റെ സമ്മേളന ന​ഗരിയിലെത്തിയിരിക്കുന്നത്.



കാഴ്ച ശക്തിയില്ലാത്തവർക്ക് ബ്രെയിൽ ലിപിയെ ബന്ധിപ്പിച്ചുള്ള മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയ യന്ത്രങ്ങളും ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ ഖുർആനും മുൻ സമ്മേളനങ്ങളുടെ ഭാ​ഗമായി ഒരുക്കിയിരുന്നു. കാഴ്ചാ വെല്ലുവിളിയുള്ളവർക്ക് വേണ്ടി തയ്യാറാക്കിയ ചെസ്, ലൂഡോ, പാമ്പും കോണിയും തുടങ്ങിയവയും പ്രദർശിപ്പിച്ചിരുന്നു.

തലച്ചോർ, ഹൃദയം, കരൾ തുടങ്ങി മനുഷ്യ ശരീരത്തിലെ സുപ്രധാന അവയവങ്ങളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പുകവലി ഉൾപ്പെടെയുള്ളവയുടെ ദൂഷ്യഫലങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകൾ ഉൾപ്പടെയാണ് എക്സിബിഷൻ ഒരുക്കിയിട്ടുള്ളത്. പ്രദർശനം നാളെ രാത്രിയോടെ അവസാനിക്കും.

Story Highlights: feel the life of a blind through blindness with a blind one; KNM exhibition get popularity

Next Story

Popular Stories