Top

കളക്ടറുടെ വൈകിയ നടപടി; നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥികള്‍ അവധി അറിഞ്ഞത് സ്‌കൂളിലെത്തിയതിന് ശേഷം

15 Nov 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളക്ടറുടെ വൈകിയ നടപടി; നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥികള്‍ അവധി അറിഞ്ഞത് സ്‌കൂളിലെത്തിയതിന് ശേഷം
X

മഴ മുന്നറിയിപ്പ് നിലനില്‍ക്കെ തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വൈകി. താലൂക്കിലെ പല സ്‌കൂളുകളിലും കുട്ടികള്‍ എത്തിയതിന് ശേഷമാണ് അവധിയാണെന്ന കാര്യം അറിയുന്നത്. രാവിലെ ഒമ്പത് മണിക്കാണ് നെയ്യാറ്റിന്‍കര താലൂക്കില്‍ ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.

രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നെയ്യാറ്റിന്‍കരക്ക് അവധി നല്‍കിയിരുന്നില്ല. പിന്നാലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു കളക്ടറുടെ അവധി പ്രഖ്യാപനം. അതേസമയം അവധി വൈകിയ വിഷയം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കിയത്. പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. അതേസമയം, കാസര്‍കോട് ജില്ലയിലെ കോളജുകള്‍ക്ക് അവധി ബാധകമല്ലെന്നും എറണാകുളത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധിയില്ലെന്ന് ജില്ല കലക്ടര്‍മാര്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Next Story

Popular Stories