Top

'ആണ്‍കുട്ടികളെ പഠിപ്പിക്കുക'; വിസ്മയ കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹ ചിന്താഗതി മാറണമെന്ന് ഹര്‍ഷിത അട്ടല്ലൂരി

23 May 2022 8:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആണ്‍കുട്ടികളെ പഠിപ്പിക്കുക; വിസ്മയ കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹ ചിന്താഗതി മാറണമെന്ന് ഹര്‍ഷിത അട്ടല്ലൂരി
X

കൊല്ലം: സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടായല്‍ മാത്രമെ വിസ്മയയുടേത് പോലുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. പെണ്‍കുട്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. പെണ്‍കുട്ടി എപ്പോള്‍ വീട്ടില്‍ വരുന്നു, എന്ത് ചെയ്യുന്നു, എന്ത് ധരിക്കുന്നു എന്നെല്ലാം മാതാപിതാക്കള്‍ അന്വേഷിക്കുന്നു. എന്നാല്‍ ഈ കരുതല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്നില്ല. ഈ രീതിയില്‍ മാറ്റം വരണമെന്നും ഐജി പറഞ്ഞു. ദുര്‍ബലരായ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ബഹുമാനിക്കാന്‍ ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കണം. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവാന്‍ സ്ത്രീകള്‍ ആദ്യം മാറണമെന്നും ഹര്‍ഷിത പറഞ്ഞു. കേസന്വേഷിച്ച ഡിവൈഎസ്പി പി രാജ്കുമാര്‍, കൊല്ലം അഡീഷ്ണല്‍ കോടതി,കേസ് അന്വേഷിച്ച മറ്റ് എല്ലാ ഉദ്യോഗസ്ഥരോടും നന്ദി പറയുന്നതായും ഐജി പറഞ്ഞു.

''വിധി സമൂഹത്തിന് പാഠമാകും. ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് കേസില്‍ ഇടപ്പെട്ടത്. വനിതാ ഉദ്യോഗസ്ഥ എന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്ന പറയുന്നത് ശരിയല്ല. ആര് അന്വേഷിച്ചാലും നീതി ആണ് ലഭിക്കേണ്ടത്. ആണ്‍പെണ്‍ എന്ന വേര്‍തിരിവ് കണാക്കുന്നത് ശരിയല്ല.' ഹര്‍ഷിത പറഞ്ഞു. കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനമാണ് വിസ്മയ നേരിട്ടത്. സാക്ഷികളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളുമാണ് കേസില്‍ ഏറ്റവും പ്രധാനം. ഈ തെളിവുകള്‍ കൃത്യമായ ശേഖരിച്ച് പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചു. അന്വേഷണം സുതാര്യമായിരുന്നെന്നും ഹര്‍ഷിത പറഞ്ഞു.

സ്ത്രീധന പീഡനം മൂലമുള്ള മരണം, (സെക്ഷന്‍ 304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (സെക്ഷന്‍ 306) എന്നീ മൂന്ന് കുറ്റങ്ങളാണ് കിരൺ കുമാറിനെതിരെ തെളിയിക്കപ്പെട്ടത്. കൊല്ലം അഡിഷണല്‍ കോടതിയാണ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്. കേസില്‍ നാളെ ശിക്ഷ വിധിക്കും. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. 2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

STORY HIGHLIGHTS: IG Harshita Atalloori said that deaths in the name of dowry should not be repeated only if there is a change in the mindset of the society.

Next Story