യുഡിഎഫും ബിജെപിയും പിന്തുണച്ചു; വണ്ടന്മേടില് സുരേഷ് മാനങ്കേരി പ്രസിഡന്റ്
എല്‍ഡിഎഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് സ്വതന്ത്ര അംഗത്തിന് പിന്തുണ നല്‍കിയതെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പറഞ്ഞു.
4 Nov 2022 2:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: വണ്ടന്മേട് ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ്-ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പ്രതിനിധിയായിരുന്ന സിബി എബ്രഹാമിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്.
മുന്‍പ് ഒന്‍പത് അംഗങ്ങളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. മയക്കുമരുന്ന് കേസില്‍ പൊലീസിന്റെ പിടിയിലായതോടെ എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ച സൗമ്യ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചു. യുഡിഎഫിന്റെ ആറ് അംഗങ്ങള്‍ക്കൊപ്പം മൂന്ന് ബിജെപി. അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ അവിശ്വാസം പാസാകുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
എല്‍ഡിഎഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് സ്വതന്ത്ര അംഗത്തിന് പിന്തുണ നല്‍കിയതെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗം റജി ജോണിയാണ് സുരേഷ് മാനങ്കേരിയുടെ പേര് നിര്‍ദ്ദേശിച്ചത്. രാജാമാട്ടുക്കാരന്‍ പിന്താങ്ങി. എല്‍ ഡി എഫിനു വേണ്ടി സന്ധ്യാ രാജയാണ് പ്രസിഡന്റ് സ്ഥാനത്തക്ക് മത്സരിച്ചത്. ജോസ് മാടപ്പള്ളി നിര്‍ദ്ദേശിക്കുകയും ശെല്‍വി ശേഖര്‍ പിന്താങ്ങുകയും ചെയ്തു. ഉടുമ്പന്‍ചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ജിതേഷ് തയ്യില്‍ വരണാധികാരി ആയിരുന്നു.
- TAGS:
- Idukki
- ldf
- UDF
- BJP
- Vandanmedu