ജോമോന് പൊലീസിനെ വെട്ടിച്ച് മുങ്ങിയത് ഒരു കുപ്പി കള്ള് കുടിക്കാന്‍; ഒടുവില്‍ വെള്ളം പോലും കിട്ടാതെ പിടിയില്‍
കള്ള് വാങ്ങാമെന്ന് പറഞ്ഞ് പോകുന്ന വഴിയില്‍ സുഹൃത്ത് സ്വന്തം മുണ്ട് പറിച്ച് ജോമോനെ പിടികൂടാന്‍ ശ്രമം നടത്തി.
1 Dec 2022 2:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: ഒരു കുപ്പി കള്ള് കുടിക്കാനാണ് കൊലക്കേസ് പ്രതിയായ ജോമോന് മുങ്ങിയതെന്ന് പൊലീസ്. ഒടുവില്‍ വെള്ളം പോലും കുടിക്കാന്‍ കഴിയാതെ ഒരു ദിവസം കാട്ടില്‍ കഴിഞ്ഞ് ജോമോന് പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയാണ് പൊന്മുടി സ്വദേശി കളപ്പുരക്കല്‍ ജോമോനെ മാതാപിതാക്കളെ കാണുന്നതിനായി ഒരു ദിവസത്തെ പരോളില്‍ വീട്ടില്‍ എത്തിച്ചത്. മാതാപിതാക്കളെ കണ്ട് തിരികെ ജയിലിലേയ്ക്ക് മടങ്ങുന്നതിനായി കൈ വിലങ്ങ് അണിയിക്കുന്ന സമയത്താണ് പൊലീസുകാരെ തള്ളിയിട്ട് ജോമോന് കാട്ടില്‍ മറഞ്ഞത്. പിന്നെ കാടിളക്കി നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിട്ടും ജോമോനെ കിട്ടിയില്ല. രാത്രിയില്‍ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എന്നാല്‍ പൊന്മുടി വനത്തിന്റെ മുക്കും മൂലയും അറിയാവുന്ന ജോമോന് കാട്ടില്‍ ഒരു രാത്രി ഒളിച്ചു കളിച്ചു.
ഏറെ വൈകി സുഹൃത്തിന്റെ വീട്ടിലെത്തി. വെള്ളം കുടിച്ചതിന് ശേഷം ഒരു കുപ്പി കള്ള് വാങ്ങി കഴിക്കണമെന്ന് പറഞ്ഞു. വാങ്ങാമെന്ന് പറഞ്ഞ് പോകുന്ന വഴിയില്‍ സുഹൃത്ത് സ്വന്തം മുണ്ട് പറിച്ച് ജോമോനെ പിടികൂടാന്‍ ശ്രമം നടത്തി. എന്നാല്‍ ഇവിടെ നിന്നും ജോമോന് രക്ഷപ്പെട്ടു. വീണ്ടും കാട്ടില്‍ ഒളിച്ചു. ഇതിനിടെ ജോമോനെ പിടികൂടാന്‍ പൊലീസ് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് വല വിരിച്ചിരുന്നു. ഇതറിയാതെ പുറത്തിറങ്ങി മറ്റൊരു വീട്ടില്‍ എത്തി വെള്ളം കുടിക്കാന്‍ ചോദിച്ച സമയത്ത് തന്നെ പിടി വീഴുകയായിരുന്നു.
ഭക്ഷണവും വെള്ളവും ഇല്ലാതെ ക്ഷീണിതനായി ജോമോനെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു തന്റെ രക്ഷപ്പെടലിന്റെ ഉദ്ദേശം വെളിപ്പെടുത്തിയത്. മുമ്പ് നല്ല മദ്യപാനിയായിരുന്ന ജോമോന് ജയിലില്‍ കിടക്കുമ്പോഴുള്ള ആഗ്രഹമായിരുന്നു ഒരു കുപ്പി കള്ള് കുടിക്കണമെന്നത്. ഇതിനായിട്ടാണ് പൊലീസിനെ വെട്ടിച്ച് കടന്നതെന്ന്. എന്നാല്‍ ഈ ആഗ്രഹം സാധിക്കാനും കഴിഞ്ഞില്ല. കള്ള് പോയിട്ട് കുടിവെള്ളം പോലും കുടിക്കുന്നതിന് മുമ്പ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇതോടെ കൊലക്കുറ്റത്തിനൊപ്പം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് മറ്റൊരു കേസുകൂടി ജോമോന്റെ പേരിലായി. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.