Top

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഓട്ടോറിക്ഷയും രേഖകളും വിട്ടുനല്‍കി

കാട്ടിറച്ചി വില്‍പന നടത്തി എന്ന് ആരോപിച്ച് സെപ്തംബര്‍ 20-നാണ് സരുണ്‍ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്യുന്നത്

12 Nov 2022 4:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഓട്ടോറിക്ഷയും രേഖകളും വിട്ടുനല്‍കി
X

ഇടുക്കി: കിഴുക്കാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവ് സരുണ്‍ സജിക്ക് ഓട്ടോറിക്ഷ തിരിച്ചുകിട്ടി. വനംവകുപ്പ് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഫോറസ്റ്റര്‍ എന്നിവരടക്കം കള്ളക്കേസില്‍ കുടുക്കിയ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കട്ടപ്പന ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം സരുണിന് ഓട്ടോറിക്ഷയും മറ്റു അനുബന്ധരേഖകളും തിരിച്ചു കിട്ടിയത്.

കാട്ടിറച്ചി വില്‍പന നടത്തി എന്ന് ആരോപിച്ച് സെപ്തംബര്‍ 20-നാണ് ഇടുക്കി കിഴുക്കാനം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള കണ്ണംപടി സ്വദേശി സരുണ്‍ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്യുന്നത്. ചെക്ക്‌പോസ്റ്റില്‍ പരിശോധിച്ച ഓട്ടോറിക്ഷ നിര്‍ത്തിയിട്ട ശേഷം കെഎസ്ആര്‍ടിസി ബസില്‍ ഈരാറ്റുപേട്ടക്ക് പോകുന്നതിനിടെ് സരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സരുണിന്റെ ഓട്ടോറിക്ഷയില്‍ നിന്നല്ല മാംസം കണ്ടെത്തിയതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും തുടക്കം മുതലേ പരാതി ഉയര്‍ന്നിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ റേഞ്ച് ഓഫീസര്‍ നേരിട്ടെത്തി ഓട്ടോറിക്ഷ വിട്ടുനല്‍കുകയായിരുന്നു. കൂടാതെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നീ രേഖകള്‍ക്കൊപ്പം മൊബൈല്‍ ഫോണും പണം അടങ്ങിയ പഴ്‌സും തിരിച്ചുനല്‍കി. ഓട്ടോറിക്ഷ തിരികെ കിട്ടിയെങ്കിലും മൂന്ന് പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സരുണിന് സര്‍ക്കാര്‍ ജോലി എന്നത് ഇനിയും കിട്ടാക്കനിയാണ്.

Story highlights: Idukki fake case forest department return autorikshaw to Sarun Saji

Next Story