Top

സൗമ്യതയുടെ കരുത്ത്

സമസ്തയുമായുള്ള ബന്ധം വഷളാകാതെ ലീഗിനൊപ്പം നിര്‍ത്തി കൊണ്ടുപോകാന്‍ ഹൈദരലി തങ്ങള്‍ക്ക് കഴിഞ്ഞു.

6 March 2022 7:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗമ്യതയുടെ കരുത്ത്
X

യുഡിഎഫിലേയും കേരള രാഷ്ട്രീയത്തിലേയും സാത്വികമുഖമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസിനകത്തും മുന്നണിയിലുമുള്ള കക്ഷി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമാധാന ദൂതനെ പോലെ ഹൈദരലി തങ്ങള്‍ ഇടപെടുന്നത് പതിവായിരുന്നു.

ലീഗിന്റെ സമുന്നത നേതാവായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായെത്തിയ ഹൈദരലി തങ്ങള്‍ ജ്യേഷ്ഠ സഹോദരന് ശേഷം ലീഗിനെ ശക്തമായി നയിച്ചു. മുന്നണി രാഷ്ട്രീയത്തില്‍ അര്‍ഹമായത് ചോദിച്ചുവാങ്ങുന്നതിലും ആവശ്യ സമയത്ത് വിട്ടുവീഴ്ച്ച ചെയ്യുന്നതിലും തന്ത്രപരമായ നിലപാട് സ്വീകരിച്ചു.

പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടിയ ശക്തമായ ഇടതുതരംഗത്തിലും ലീഗ് കോട്ടകള്‍ തകരാതെ സംഘടനാ സംവിധാനം ശക്തമാക്കി നിര്‍ത്തി. സീറ്റുകള്‍ കുറഞ്ഞെങ്കിലും കൊടുവള്ളി തിരിച്ചുപിടിക്കാനായത് നേട്ടമായി. മാറിവരുന്ന രാഷ്ട്രീയത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോഴിക്കോട് സൗത്ത്‌ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ (നൂര്‍ബിന റഷീദ്) മത്സരിപ്പിക്കാനുള്ള തീരുമാനവും അഭിനന്ദിക്കപ്പെട്ടു.

ലീഗ് നേതൃത്വം രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ഹരിത വിവാദത്തിന് ശേഷവും ഹരിതാ നേതാക്കള്‍ സംഘടനയെ പ്രതിനിധീകരിച്ച് പൊതുരംഗത്ത് വരുന്നതിന് പിന്നില്‍ തങ്ങളുടെ പിന്തുണയുണ്ടെന്ന വായനയുണ്ടായിരുന്നു. ലീഗിനെ കൂടുതല്‍ ജനാധിപത്യപരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ശ്രമിച്ചിരുന്നതിന്റെ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എംഎസ്എഫിന്റേയും യൂത്ത് ലീഗീന്റേയും പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപിപ്പിക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തി. കേരളത്തിലെ നേതാക്കളെ ചുമതലയേല്‍പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറഞ്ഞയക്കുകയും ഓഫീസ് സ്ഥാപിക്കുകയും ചെയ്യുന്നതിന് മുന്‍കൈയെടുത്തു. സ്വത്വ രാഷ്ട്രീയം ചര്‍ച്ചാ കേന്ദ്രമാകുന്ന ഈ കാലത്ത് മലബാറിലെ ന്യൂനപക്ഷസമൂഹങ്ങളുടെ ഉന്നമനത്തില്‍ പ്രധാന പങ്കുവഹിച്ചത് ലീഗാണെന്ന ആശയം മുന്നോട്ടുവെയ്ക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സാധിച്ചു.

കത്വ ഫണ്ട് തട്ടിപ്പ് ആരോപണമുയര്‍ന്നപ്പോള്‍ യൂത്ത് ലീഗ് നേതാക്കള്‍ക്കൊപ്പം ശക്തമായ പിന്തുണയുമായി നിന്നു. പാര്‍ട്ടിക്കകത്ത് മാത്രം ചര്‍ച്ചയായിരുന്ന മീറ്റു കേസില്‍ ഹൈദരലി തങ്ങള്‍ ഇടപെട്ടതും ശ്രദ്ധേയമായിരുന്നു. പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരാതിരുന്ന ഒരു വിഷയത്തില്‍ ശക്തമായ നടപടിയെടുത്തത് മാതൃകാപരമായ ഒരു നിലപാടായി വായിക്കപ്പെടുകയുണ്ടായി.

സമസ്തയുമായുള്ള ബന്ധം വഷളാകാതെ ലീഗിനൊപ്പം നിര്‍ത്തി കൊണ്ടുപോകാന്‍ ഹൈദരലി തങ്ങള്‍ക്ക് കഴിഞ്ഞു. ഹൈദരലി തങ്ങള്‍ ലീഗിന്റെ ഒന്നാമനായിരിക്കെ മകനായ മുയീനലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ച് ലീഗ് പ്രതിസന്ധിയിലേക്ക് പോകാതെ കാത്തു.

STORY HIGHLIGHTS: Hyder ali Thangal was the source of gentleness

Next Story