Top

ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

6 March 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
X

അങ്കമാലി: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ലാര്‍ജ് ബി സെല്‍ ലിംഫോമിയയുടെ സാന്ത്വന ചികിത്സയ്ക്കും പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഐസിയുവിലായിരുന്നു ഫെബ്രുവരി 22 മുതല്‍. ഇന്നലെ മുതലാണ് ആരോഗ്യനില വഷളായത്. ഇന്ന് രാവിലെ മുതല്‍ മരുന്നുകളോട് പ്രതികരിക്കാതായി. ഉച്ചയ്ക്ക് 12.40ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിറക്കി.

നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ സമയത്ത് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സാദിഖലി തങ്ങളുടെ നേതൃത്വത്തിലാണ് ലീഗിന്റെ യോഗങ്ങള്‍ ചേര്‍ന്നിരുന്നത്.

കേരളീയ രാഷ്ട്രീയസാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്തയുടെ ഉപാധ്യക്ഷസ്ഥാനം വഹിച്ചു. സുന്നി വിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്എഫിന്റെ സ്ഥാപക പ്രസിഡന്റാണ് 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും നിര്യാതരായതോടെ അവരുടെ ചുമതലകള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ടു. 2010 ഒക്ടോബര്‍ രണ്ടിന് മുശാവറ വൈസ് പ്രസിഡന്റായി. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നിവയടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.

കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്‌രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍.

STORY HIGHLIGHTS: Hyder Ali Shihab Thangal passed away

Next Story