Top

നരബലി: പ്രതികളുടെ സംസാരം പരസ്പരബന്ധമില്ലാതെ; അഭിനയമെന്ന് പൊലീസ്

ഇലന്തൂരിലെ വീട്ടില്‍ പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും എത്തിച്ചു ഫൊറന്‍സിക് സംഘം നരബലി രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു

22 Oct 2022 4:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നരബലി: പ്രതികളുടെ സംസാരം പരസ്പരബന്ധമില്ലാതെ; അഭിനയമെന്ന് പൊലീസ്
X

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറയുന്നത് പരസ്പര വിരുദ്ധമായിട്ടെന്ന് പൊലീസ്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും സമനിലതെറ്റിയ തരത്തിലാണ് കസ്റ്റഡിയില്‍ പെരുമാറുന്നത്. ഇത് വസ്തുതകള്‍ മറച്ചുവെക്കുന്നതിനുള്ള ഇവരുടെ ശ്രമമാണെന്നും വിശദമായ പരിശോധനയിലൂടെയെ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇലന്തൂരിലെ വീട്ടില്‍ പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും എത്തിച്ചു ഫൊറന്‍സിക് സംഘം നരബലി രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച പരിശോധന നാലരയോടെയാണ് പൂര്‍ത്തിയായത്. നേരത്തെ ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാനാണ് വീണ്ടും ഡമ്മി ഉപയോഗിച്ചുള്ള പുനാരാവിഷ്‌കരണം ആവശ്യമായത്. പത്മത്തിന്റെ വാരിയെല്ലിന്റെ ഭാഗങ്ങള്‍, ഹൃദയം, കരള്‍, എന്നിവയ്ക്കായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കത്തിയുടെ വലുപ്പം അനുസരിച്ച് മുറിവകളുടെ ആഴം, രക്തം ഏത് അളവില്‍ തെറിക്കുമെന്നുള്ള പരിശോനകളും നടത്തി. റോസ്ലിയുടെയും പത്മത്തിന്റെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. ലിസിയുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം.

അതേസമയം കൊല്ലപ്പെട്ട പത്മം, റോസ്ലി എന്നിവരുടെ മുറിച്ചെടുത്ത മാംസങ്ങള്‍ കൊച്ചിയിലേക്ക് ഒന്നാം പ്രതി ഷാഫി കൊണ്ടു വന്നതായി ഭഗവല്‍സിങ്ങും ഭാര്യ ലൈലയും സമ്മതിച്ചു. എന്നാല്‍ ഇത് എന്ത് ചെയ്‌തെന്നു അവര്‍ക്ക് അറിയില്ലെന്നും കുഴിച്ചു മൂടിയെന്നുമാണ് പറഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുഴിച്ചിട്ട സ്ഥലം ഷാഫി ഇതുവരെ കാണിച്ചു കൊടുത്തിട്ടില്ല. ഇതിനു മുന്‍പും ഇത്തരത്തില്‍ നരബലി നടത്തിയിട്ടുണ്ടെന്നാണ് ഷാഫി ദമ്പതികളെ ധരിപ്പിച്ചിരുന്നത്. പൂജയും നരബലിയും നടത്തിയ കുടുംബങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി സംഭവിച്ചതായും ഇവരെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് കൊലപാതകങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന ആദ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാഫി.

ഇന്നലെ ഡമ്മി പരീക്ഷണത്തിനു ശേഷം പ്രതികളെ ഒരേ വാഹനത്തിലാണ് തിരികെ കൊണ്ടു പോയത്. ഡിസിപി ശശി ധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വിരലടയാള വിദഗ്ധര്‍, പൊലീസ് സര്‍ജന്‍, ഫൊറന്‍സിക് വകുപ്പിലെ ഫിസിക്‌സ്, ബയോളജി വിഭാഗങ്ങളുടെ മേധാവികളും എത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചിരിക്കുന്നത്.

STORY HIGHLIGHTS: Human Sacrifice Speech of accused persons without correlation

Next Story