Top

'ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢശ്രമം'; ഷാജ് കിരണിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി എച്ച്ആര്‍ഡിഎസ്

'ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഫണ്ട് എച്ച്ആര്‍ഡിഎസിന് ലഭ്യമാക്കാം എന്ന് അറിയിച്ച് ഷാജ് കിരണ്‍ ബന്ധപ്പെട്ടിരുന്നു'

10 Jun 2022 5:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢശ്രമം; ഷാജ് കിരണിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി എച്ച്ആര്‍ഡിഎസ്
X

പാലക്കാട്: സ്വപ്‌നയുടെ സുഹൃത്ത് ഷാജ് കിരണിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി എച്ച്ആര്‍ഡിഎസ്. സ്വപ്‌നയ്ക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും തങ്ങള്‍ ചെലുത്തിയിട്ടില്ല. എച്ച്ആര്‍ഡിഎസിന് രാഷ്ട്രീയമില്ല. ആര്‍എസ്എസ് നിയന്ത്രണത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്നും ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഫണ്ട് എച്ച്ആര്‍ഡിഎസിന് ലഭ്യമാക്കാം എന്ന് അറിയിച്ച് ഷാജ് കിരണ്‍ തന്നെ ബന്ധപ്പെട്ടിരുന്നു. ഏതെങ്കിലും രാഷ്ട്രീപാര്‍ട്ടിയുടെ തണലിലല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പെട്ടവര്‍ എച്ച്ആര്‍ഡിഎസില്‍ ഉണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനം പറഞ്ഞിട്ടാണ് താന്‍ പിസി ജോര്‍ജിനെ കണ്ടതെന്ന് സ്വപ്‌ന തന്നോട് പറഞ്ഞതായി ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. എച്ച്ആര്‍ഡിഎസ് പറയുന്നതേ തനിക്ക് പറയാന്‍ കഴിയൂവെന്നും ഷാജ് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞിരുന്നു.

സ്വപ്‌ന സുരേഷിനെ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയില്‍ ഡയറക്ടറായി നിയമിച്ചിരുന്നു. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ജിഒയാണ് തങ്ങളെന്നാണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അവകാശപ്പെടുന്നത്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് എച്ച്ആര്‍ഡിഎസ് പ്രവര്‍ത്തനം നടത്തുന്നത്. 43,000 രൂപയോളമാണ് സ്വപ്‌നയുടെ മാസം ശമ്പളം.

ബിജെപി നേതാവായ ഡോ എസ് കൃഷ്ണ കുമാര്‍ ഐഎഎസ് ആണ് ഇതിന്റെ തലവന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ എന്‍ജിഒ സ്ഥാപിക്കപ്പെട്ടതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

STORY HIGHLIGHTS: HRDS replies to the allegations of Swapna Suresh's Friend Shaj Kiran

Next Story