Top

ബമ്പര്‍ നിങ്ങളുടെ ടിക്കറ്റിനാണെങ്കിലോ!, സമ്മാന തുക എങ്ങനെ സ്വന്തമാക്കും?

സമ്മാനാര്‍ഹര്‍ സമ്മാന ടിക്കറ്റുകള്‍ക്കൊപ്പം ആവശ്യം വേണ്ട രേഖകള്‍ നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ ഹാജരാക്കേണ്ടതാണ്

17 Sep 2022 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബമ്പര്‍ നിങ്ങളുടെ ടിക്കറ്റിനാണെങ്കിലോ!, സമ്മാന തുക എങ്ങനെ സ്വന്തമാക്കും?
X

തിരുവനന്തപുരം: നാളെയാണ് 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ടിക്കറ്റ് ഇതിനകം 67 ലക്ഷം എണ്ണം വിറ്റുപോയിട്ടുണ്ട്. ഒരു ലോട്ടറി അടിച്ചാല്‍ എങ്ങനെ അതിന്റെ സമ്മാനം കൈയ്യില്‍ കിട്ടും എന്നതില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാവും.

സമ്മാനാര്‍ഹര്‍ സമ്മാന ടിക്കറ്റുകള്‍ക്കൊപ്പം ആവശ്യം വേണ്ട രേഖകള്‍ നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ സമ്മാനത്തുകയ്കായി ഡയറക്ടറേറ്റിലുമാണ് ഹാജരാക്കേണ്ടത്. സമ്മാന ടിക്കറ്റിന്റെ പിന്‍പുറത്ത് യഥാസ്ഥാനത്ത് സമ്മനാര്‍ഹന്റെ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തണം.

സമ്മാനാവകാശത്തിനുള്ള അപേക്ഷയും സമ്മാനാര്‍ഹന്റെ ഒപ്പ് പതിപ്പിച്ച സമ്മാന ടിക്കറ്റിന്റെ രണ്ടു പുറത്തിന്റെയും ഫോട്ടോ പകര്‍പ്പ് (ഗസറ്റഡ് ഓഫീസര്‍ /നോട്ടറി സാക്ഷ്യപ്പെടുത്തിയത് ), സമ്മാനാര്‍ഹന്റെ രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഗസറ്റഡ് ഓഫീസര്‍ /നോട്ടറി സാക്ഷ്യപ്പെടുത്തിയത് ), ഒരു രൂപ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ചതും സമ്മാനര്‍ഹന്റെ പേരും മുഴുവന്‍ മേല്‍വിലാസവും അടങ്ങിയതുമായ സ്റ്റാമ്പ് രസീത് (ഡൗണ്‍ലോഡ്), സമ്മാനാര്‍ഹര്‍ പ്രായപൂര്‍ത്തിയാകാത്ത പക്ഷം ബന്ധപ്പെട്ട അധികാരിയില്‍ നിന്നും ലഭിച്ച ഗാര്‍ഡിയന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ തെളിയിക്കുന്നതിനുപോല്‍ബലകമായ രേഖ സാക്ഷ്യപ്പെടുത്തിയത് (പാന്‍ കാര്‍ഡിന്റെ ഫോട്ടോ പകര്‍പ്പ് (ലഭ്യമെങ്കില്‍)/വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് /ഡ്രൈവിംഗ് ലൈസന്‍സ് / റേഷന്‍ കാര്‍ഡ് (പകര്‍പ്പ് )/പാസ്‌പോര്‍ട്ട് (പകര്‍പ്പ് ) എന്നീ രേഖകളും വേണം. ദേശസാല്‍കൃത /ഷെഡ്യൂള്‍ഡ് /സഹകരണ ബാങ്കുകള്‍ വഴിയും സമ്മാന ടിക്കറ്റുകള്‍ ഹാജരാക്കാവുന്നതാണ്.

ബമ്പര്‍ പോലെ കൂടുതല്‍ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികള്‍ പങ്കിട്ടുവാങ്ങുന്നവരുമുണ്ട്. അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും ടിക്കറ്റില്‍ പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാല്‍ തുകയില്‍ അവകാശവാദമുന്നയിച്ച് ലോട്ടറി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി, ഒറിജിനല്‍ ടിക്കറ്റ് ബാങ്ക് മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.

ടിക്കറ്റിന് പിന്നില്‍ ഒപ്പിട്ടവരില്‍ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വിഹിതം എല്ലാവരുടേയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. ഇത് പ്രകാരമാണ് തുക അനുവദിക്കുക.

Story Highlights: Procedure to get the lottery ticket amount

Next Story