'പണത്തിന്റെ ഹുങ്കിലാണ്...'; അഭയ കേസ് പ്രതികളുടെ ജാമ്യത്തില്‍ സാക്ഷി അടയ്ക്ക രാജു
പ്രതികളായ മൂന്നുപേരെയും അവിടെ വച്ച് കണ്ടത് കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും അടയ്ക്ക രാജു.
23 Jun 2022 9:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്ക രാജു.
താന്‍ കോടതിയില്‍ നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ കൂടിയാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. ഇപ്പോള്‍ പണത്തിന്റെ ഹുങ്കിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പണമുള്ളവര്‍ക്ക് എന്തുമാകാമെന്ന സ്ഥിതിയാണെന്ന് അടയ്ക്ക രാജു പറഞ്ഞു. കേസിലെ സത്യം ഇനിയും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും പ്രതികളെ അവിടെ വച്ച് കണ്ടത് കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും അടയ്ക്ക രാജു പറഞ്ഞു.
വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചു.
2021 ഡിസംബര്‍ 23-നായിരുന്നു 28 വര്‍ഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്ക് ശേഷം പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഒന്നാം പ്രതി തോമസ് കോട്ടൂരും മൂന്നാം പ്രതി സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ 49 സാക്ഷികളെ ഉള്‍പ്പെടെ വിസ്തരിച്ച ശേഷമായിരുന്നു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്.
കോട്ടൂരിന് ഇരട്ട ജീവപരന്ത്യവും സെഫിയ്ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.
- TAGS:
- Abhaya Case
- Kerala
- Adakka Raju