ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു
വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഫൈസല്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി
25 Jan 2023 7:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. പത്ത് വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. ഇതോടെ കേസില്‍ നാല് പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് വിധി പറഞ്ഞത്.
വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഫൈസല്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് സംജാതമാകുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
2009ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാഹിലിനെ ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ അടക്കം നാല് പേരെ 10 വര്‍ഷം തടവിന് വിധിച്ചത്. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 27ന് സുപ്രീംകോടതി പരിഗണിക്കും. ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിരുന്നത്.
Story Highlights: High Court Order On The Case Against Mohammed Faisal