Top

കിഫ്ബി കേസില്‍ ഇഡിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; തുടര്‍സമന്‍സുകള്‍ അയക്കുന്നത് തടഞ്ഞു

10 Oct 2022 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിഫ്ബി കേസില്‍ ഇഡിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; തുടര്‍സമന്‍സുകള്‍ അയക്കുന്നത് തടഞ്ഞു
X

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ അയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല പുറപ്പെടുവിച്ചത്. കേസിൽ റിസർവ് ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ മാസം ‌ഓഗസ്റ്റ് 10നാണ് തോമസ് ഐസക്കും കിഫ്‌ബിയും ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് തുടർച്ചയായി സമൻസുകൾ അയയ്ക്കുന്നതു ന്യായീകരിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നതിൽ ആർബിഐ അഭിപ്രായം പറയേണ്ടതുണ്ട്. കേസിൽ ആർബിഐക്കു നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. നവംബർ 15ന് കേസ് വീണ്ടും പരിഗണിക്കും.

ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചതിനെതിരെ കിഫ്ബി സിഇഒ ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരാണ് ഹർജി നൽകിയത്. 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് ഇഡി കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്നതിന് ഇഡിയ്‌ക്ക് തെളിവുകളില്ല എന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇ ഡി സമൻസ് അയച്ചത് ഉദ്യോഗസ്ഥരെ മനപൂർവം ബുദ്ധിമുട്ടിക്കാനാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

2021 മാർച്ച് മാസത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്. രണ്ട് പരാതികളിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019 ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമായിരുന്നു പരാതി.

STORY HIGHLIGHTS: High Court hold ED summons against Thomas Isaac in Kiifb case

Next Story